മുഹമ്മദ് അബ്‌ദു റഹിമാൻ സാഹിബിന്റെ ത്യാഗ നിർഭരമായ പ്രക്ഷോഭ ജീവിതം
വാൽക്കണ്ണാടി
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഇതിഹാസമായ നായകനും മതേതര വാദികളിൽ പ്രമുഖനുമായിരുന്ന മുഹമ്മദ് അബ്‌ദു റഹിമാൻ സാഹിബിന്റെ എൺപതാം ചരമദിനം കടന്നു പോകുന്നു. അദ്ദേഹം തികഞ്ഞ ഗാന്ധിയനും പത്ര പ്രവർത്തകനും സാമൂഹിക പരിഷ്കർത്താവും നവയുഗ ശില്പിയും നിയമ സഭാ സമാജികനും മികച്ച വാഗ്മിയുമായിരുന്നു. മുഹമ്മദ് അബ്‌ദു റഹിമാന്റെ ത്യാഗ നിർഭരമായ പ്രക്ഷോഭ ജീവിതം ഒരു സന്ദേശമായി ഇന്നും ജ്വലിച്ചു നിൽക്കുന്നു. അദ്ദേഹം അടർക്കളത്തിൽ വീരമൃത്യു വരിച്ച യോദ്ധാവായിരുന്നു. കേരളത്തിന്റെ ചരിത്ര താളുകളിൽ ഹൃദയ വിശാലതയോടെ നിറഞ്ഞു നിന്ന വ്യക്തി പ്രഭാവമായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ.
സമര പഥത്തിലേക്കുള്ള കാൽവയ്‌പ്പ്
കൊടുങ്ങല്ലൂർ കറുകപ്പാടത്ത് പുനക്കച്ചാൽ അബ്‌ദുറഹിമാന്റെയും അയ്യാരിൽ കൊച്ചൈശുമ്മയുടെയും മകനായി മുഹമ്മദ് 1898 മെയ് 15 നാണ് ജനിച്ചത്. അഴീക്കോട് പ്രൈമറി സ്‌കൂൾ, കൊടുങ്ങല്ലൂർ ഹൈസ്‌കൂൾ, വാണിയമ്പാടി മദ്രസ എന്നിവിടങ്ങളിൽ അദ്ദേഹം പ്രാഥമിക പഠനം നടത്തി. കുഞ്ഞിമുഹമ്മദ് എന്നു വിളിക്കപ്പെട്ട കുട്ടിയാണ് കേരളത്തിന്റെ സ്വാതന്ത്ര്യ സമര ഘട്ടങ്ങളിൽ മലബാർ പ്രദേശത്തെ സർവ്വജന വിഭാഗങ്ങളെയും ഒന്നിച്ച് ചേർത്ത് പോരാട്ടം നടത്തിയ അബ്ദുറഹിമാൻ. അദ്ദേഹം തെന്നിന്ത്യൻ വിദ്യാഭ്യാസ സമ്മേളനത്തിലെ വളണ്ടിയർ ക്യാപ്റ്റൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. കോഴിക്കോട് മിഷൻ കോളേജിലും ചെന്നൈ മുഹമ്മദൻസ് കോളേജിലും പഠിച്ച മുഹമ്മദിന് മുസ്ലീം സമുദായത്തിന്റെ ഭാവിയെക്കുറിച്ച് അന്നേ ആശങ്കയുണ്ടായിരുന്നു. അദ്ദേഹം കൊച്ചിൻ മുസ്ലീം എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈയെടുത്തു.
ഡൽഹിയിലെ ജാമി ആമില്ലയാ ഇസ്ലാമി എന്ന വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിലെ ചരിത്ര വിദ്യാർത്ഥിയുമായിരുന്നു മുഹമ്മദ്. എന്നാൽ മൗലാന മുഹമ്മദാലിയുടെ പ്രേരണ മൂലം രാഷ്ട്രീയ കേരളത്തിന്റെ ആവേശ പൂർണ്ണമായ അദ്ധ്യായം എഴുതിച്ചേർക്കുന്നതിനായി അദ്ദേഹം മലബാറിലേക്ക് പുറപ്പെട്ടു. അത് ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത കാലമായിരുന്നു. റൗലറ്റ് ആക്ട്, ജാലിയൻവാലാബാഗ് ദുരന്തം എന്നിവ ജനലക്ഷങ്ങളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന മൗലാനാ അബ്ദുൾകലാം ആസാദിന്റെ ഗ്രന്ഥം വായിച്ച് ആകൃഷ്ടനായി സമര പഥത്തിലെത്തി. മൗലാനാ മുഹമ്മദ് അലിയുടെ മുഖ്യ ശിഷ്യന്റെ ആഗമനം പ്രവർത്തകരിൽ ആശയും ആവേശവും ഉളവാക്കിയിരുന്നു.
അനിശ്ചിതകാല നിരാഹാര സമരം ജയിലിൽ
കേരളത്തിലെ യുവജനത ആ പടനായകന്റെ മുഖത്തേക്ക് ഉറ്റു നോക്കി. പിന്നീട് ആ ജീവിതം കർമോത്സുകതയോടെ ഐതിഹാസികമായ മാനം തേടി. ഉലയിൽ കാച്ചിയ ലോഹം പോലെ തിക്താനുഭവങ്ങളെ അതി ജീവിച്ച ആ ദേശാഭിമാനി സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളിൽ മുഴുകി. ഒറ്റപ്പാലത്ത് 1921 ഏപ്രിലിൽ നടന്ന കോൺഗ്രസിന്റെ സമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ പങ്കെടുത്തു. ഒറ്റപ്പാലം സമ്മേളനത്തിൽ മുഴങ്ങിക്കേട്ട ജയഘോഷങ്ങളിൽ അദ്ദേഹത്തിന്റെ കണ്ഠനാദം ലയിച്ചു ചേർന്നു.
നാഗ്‌പൂരിൽ 1921 ൽ നടന്ന കോൺഗ്രസ് ഖിലാഫത്ത് സമ്മേളനങ്ങളെത്തുടർന്ന് മലബാറിൽ കമ്മിറ്റികൾ രൂപവൽക്കരിച്ചു. കോഴിക്കോട് കമ്മിറ്റിയുടെ സെക്രട്ടറിയായി മുഹമ്മദിനെ ചുമതലപ്പെടുത്തി. മലബാർ ലഹള 1921 ൽ പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാരെ വിചാരണ ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ പ്രത്യേക കോടതി ഏർപ്പെടുത്തിയിരുന്നു. ഭരണാധികാരികൾ ജനങ്ങളുടെ നേരെ അതിക്രൂരമായി പെരുമാറി.
മലബാർ മാപ്പിളമാരെ കൂട്ടത്തോടെ ആൻഡമാനിലേക്ക് നാടു കടത്തി. ഇക്കാലത്ത് മുഹമ്മദ് ദുരിതാശ്വാസ, സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തു. ബ്രിട്ടീഷ് സർക്കാരിന്റെ മുഖം തിരിഞ്ഞ സമീപനത്തെപ്പറ്റി അദ്ദേഹം ലേഖനം എഴുതി. ഈ റിപ്പോർട്ട് കളവാണെന്ന് പറഞ്ഞ് പട്ടാളത്തിന്റെ ഓർഡിനൻസ് പ്രകാരം മുഹമ്മദ് അബ്ദുറഹിമാനെ അറസ്റ്റ് ചെയ്ത് രണ്ടു വർഷം കഠിന തടവിന് വിധിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ ജയിലിൽ ക്രൂരമായ പീഡനത്തിന് ഇരയായി.
ആനച്ചങ്ങലകളിൽ പൂട്ടിയ തടവുകാരെ വെറും മണ്ണിലാണ് കിടത്തിയിരുന്നത്. ഭക്ഷണമോ വെള്ളമോ കൃത്യമായി നൽകിയിരുന്നില്ല. ഇതിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. മുഹമ്മദ് അബ്ദുറഹിമാൻ അനിശ്ചിതകാല നിരാഹാര സമരം ജയിലിൽ നടത്തിയതിലൂടെ തടവു പുള്ളികൾക്ക് നല്ല ഭക്ഷ്ണവും വെള്ളവും ലഭ്യമായി. മലബാർ ലഹളക്കാലത്ത് മർദ്ദനങ്ങളുടെ ഞെരുക്കങ്ങളിൽ വിറങ്ങലിച്ചു പോയ മാപ്പിള നാടിന് ആശയയും ആവേശവും പകർന്ന് ഒരു പുത്തൻ പുലരിയിലേക്കാനയിച്ച മഹാനായ നേതാവാണ് മുഹമ്മദ് അബ്ദുറഹിമാൻ. അദ്ദേഹം 1923 ഓഗസ്റ്റ് 11 ന് ജയിൽ മോചിതനായി.
ഉപ്പുനിയമലംഘന സമരം ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുത്തു
മുഹമ്മദ് അബ്ദുറഹിമാൻ ഉത്തരേന്ത്യയിൽ നിന്നും പണം ശേഖരിച്ച് കോഴിക്കോട് ജെ.റ്റി.ഡി ഇസ്ലാം അനാഥാലയം ആരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ആഹ്വാനങ്ങളുയർത്തി 1923 ഡിസംബർ 12 ന് മലബാറിൽ നിന്നും ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങി. അതാണ് അൽ അമീൻ. മുഹമ്മദ് അബ്ദുറഹിമാൻ ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചു. ആൻഡമാൻ സ്കീമിനെ ഖണ്ഡരൂപത്തിൽ വിമർശിച്ചു കൊണ്ടുള്ള ലേഖനം ആദ്യ ലക്കത്തിൽ തന്നെ ചേർത്തിരുന്നു.
കേരളീയരുടെ ആത്മധൈര്യത്തെ വളർത്തിയിരുന്ന ഒരു ശക്തി കേന്ദ്രമായിരുന്നു അൽ അമീൻ. എന്നാൽ ഗവണ്മെന്റിന്റെ താക്കീത് അനുസരിച്ച് 1939 സെപ്റ്റംബർ 19 ന് ഈ പ്രസിദ്ധീകരണം പൂർണ്ണമായും നിർത്തി വച്ചു മാപ്പിള ഔട്ട് റേജസ് നിയമപ്രകാരം ആൻഡമാനിലേക്ക് മുസ്ലീങ്ങളെ നാടുകടത്തുന്ന കരിനിയമത്തിനെതിരെ മുഹമ്മദ് അബ്‌ദു റഹിമാൻ നിരന്തരം സമരം നടത്തി. മദിരാശിയിൽ 1927 ഡിസംബർ 26,27,28 തീയതികളിൽ നടന്ന കോൺഗ്രസിന്റെ 42 ആം സമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചു. ഈ കിരാത നിയമം 1937 സെപ്തംബർ മാസത്തിൽ നിരോധിക്കുന്നത് വരെ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ സമരങ്ങളുടെ മുൻ നിരയിൽ മുഹമ്മദുമുണ്ടായിരുന്നു.
വടകര നാരായണ നഗരിയിൽ വച്ച് ശ്രീജിത്ത് സെൻ ഗുപ്തയുടെ അധ്യക്ഷതയിൽ 1931 മേയ് 5ന് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം ദേശീയ സമരത്തിന്റെ പങ്കിനെക്കുറിച്ച് അഭിമാനപൂർവ്വം സ്മരിച്ചു. കോഴിക്കോട് കടപ്പുറത്ത് 1930 മെയ് 12 ന് നടന്ന ഉപ്പുനിയമലംഘന സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുഹമ്മദ് അബ്ദുറഹിമാന് ക്രൂരമായ മർദ്ദനമേറ്റു. അദ്ദേഹം ഒൻപത് മാസം ജയിൽ ശിക്ഷ അനുഭവിച്ചു.
മൂന്ന് വർഷം തുടർച്ചയായി കെ.പി.സി.സി. പ്രസിഡന്റായി
മുഹമ്മദ് അബ്ദുറഹിമാന്റെ പ്രധാന പങ്ക് 1924 ലുണ്ടായ കുടിയാൻ പ്രക്ഷോഭത്തിലും 1930 ൽ നിയമമായ കുടിയാൻ ബില്ലിന്റെ പിന്നിലുമുണ്ടായിരുന്നു. തിരൂർ ഫർക്കയിൽ നിന്നും അദ്ദേഹം 1932 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന്റെ ഭരണ മണ്ഡലത്തിലേക്കുള്ള ആദ്യകാൽവെയ്പ്പ് കോഴിക്കോട് നഗരസഭാ തെരഞ്ഞെടുപ്പിലൂടെയാണ്. ഏറനാട്ടെ വള്ളുവനാട് നിയോജകമണ്ഡലത്തിൽ നിന്നും മദിരാശി നിയമസഭയിലേക്ക് 1937 ൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. രാജാജി മന്ത്രി സഭയിൽ ഭൂഗണ്ഡങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റി അംഗമെന്ന നിലയിൽ മുഹമ്മദ് അബ്ദുറഹിമാൻ സമർപ്പിച്ച വിയോജനക്കുറിപ്പ് കേരളത്തിലെ ഭൂപരിഷ്കരണങ്ങളുടെ അടിസ്ഥാനമായിത്തീർന്നു.
ദേശീയ പ്രസ്ഥാനത്തോടൊപ്പം ന്യൂനപക്ഷ സംരക്ഷണവും ജീവിത വ്രതമാക്കിയെടുത്ത മുഹമ്മദ് അബ്ദുറഹിമാനെ സാമുദായിക പ്രവർത്തകനായി ചിലർ ചിത്രീകരിച്ചു. എന്നാൽ അദ്ദേഹം അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായി നില കൊണ്ടു. മദിരാശി നിയമസഭയിൽ മുഹമ്മദ് പോരാട്ടത്തിന്റെ ചരിത്രം എഴുതിച്ചേർത്തു. കൊടുങ്ങല്ലൂരിൽ 1932 ൽ ഇരമ്പിക്കയറിയ കർഷകതൊഴിലാളി പ്രക്ഷോഭത്തിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
കറാച്ചി കോൺഗ്രസ് സമ്മേളനം 1931 ൽ അംഗീകരിച്ച മൗലീകാവകാശ പ്രമേയം കർമ്മ പഥത്തിലേക്ക് കൊണ്ടു വരാൻ മുഹമ്മദ് പരിശ്രമിച്ചു. മാത്രമല്ല കുട്യാടി മലവാരങ്ങളിൽ പൂനം കൃഷിക്കാരുടെ സമരം 1938 ൽ നടന്നപ്പോൾ അദ്ദേഹം അവരെ സഹായിച്ചു. കോഴിക്കോട് 1935 ൽ മണിബെങ്കാറുടെ അദ്ധ്യക്ഷതയിൽ നടന്ന സമസ്‌ത കേരള തൊഴിലാളി സമ്മേളന വിജയത്തിന് മുഹമ്മദിന്റെ അൽ അമീൻ പത്രം ഏറെ ഉപകരിച്ചു. നീലേശ്വരത്ത് 1937 ഡിസംബർ 27 ന് നടന്ന കാസർകോഡ്, മലയാള ദേശം സമാജത്തിന്റെ സമ്മേളനത്തിൽ മുഹമ്മദ് അബ്ദുറഹിമാനാണ് അദ്ധ്യക്ഷത വഹിച്ചത്.
അദ്ദേഹം കെ.പി.സി.സി. പ്രസിഡന്റായി 1938,1939,1940 എന്നീ വർഷങ്ങളിൽ നിയോഗിക്കപ്പെട്ടു. മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോൺഗ്രസ് കേരളത്തിൽ ശക്തമായ അടിത്തറപ്പാകി. അദ്ദേഹം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രവർത്തനം സംബന്ധിച്ച് നാട്ടുകാർക്കുള്ള ആവലാതികളും അഭിപ്രായങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റികൾക്കയച്ച സർക്കുലർ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
അധ്യാപക വർഗ്ഗത്തിന്റെ ഉന്നമനത്തിനായി സേവനമനുഷ്ഠിച്ചു
മുഹമ്മദ് അബ്ദുറഹിമാൻ ഡിസ്ട്രിക്ട് ബോർഡിലേക്ക് 1940 ൽ വണ്ടൂർ ഫർക്കയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. നച്ചിയാട്ട് 1938 ൽ നടന്ന കർഷക സമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. മാത്രമല്ല 1938 ൽ രൂപീകൃതമായ നാഷണൽ പ്ലാനിങ് കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യ പ്രാപ്തിക്കായി മുഹമ്മദ് അബ്ദുറഹിമാൻ വഹിച്ച പങ്ക് ചരിത്ര വസ്തുതയാണ്. മലബാർ മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുറഹിമാൻ അധ്യാപക വർഗ്ഗത്തിന്റെ ഉന്നമനത്തിനായും സേവനമനുഷ്ഠിച്ചു.
ഇന്ത്യക്ക് ഒരു പൊതുഭാഷയായി ഹിന്ദി വേണമെന്ന് അദ്ദേഹം യുക്തിയുക്തം സ്ഥാപിക്കുകയും അതിന്റെ പ്രോത്സാഹനത്തിന് പ്രയത്നിക്കുകയും ചെയ്തു. ഖാദി പ്രചരണത്തിനും മുഖ്യ പങ്കു വഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ മുൻകയ്യെടുത്ത് ഏറനാട്ടിൽ നൂൽ നൂൽപ്പ് സംഘം സ്ഥാപിച്ചു. സിലോൺ, മലബാർ മുസ്ലിം അസോസിയേഷന്റെ കൊളംബിയയിൽ നടന്ന വാർഷിക യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷനായിരുന്നു. മുഹമ്മദ് മതാനുഷ്ടാനങ്ങൾ കണിശമായി നിർവ്വഹിച്ചു പോന്നിരുന്നു. ഹജ്ജ് തീർത്ഥയാത്രയും നടത്തിയിട്ടുണ്ട്. കോഴിക്കോട് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രി അഡ്വൈസറി ബോർഡിലും, ഹയർസെക്കണ്ടറി എഡ്യൂക്കേഷൻ ബോർഡിലും അബ്ദുറഹിമാൻ അംഗമായിരുന്നു.
കേരള ഫോർവേഡ് ബ്ലോക്കിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ കേരള നേതാജിയായും വിശേഷിപ്പിക്കപ്പെട്ടു. അൽ ആമീൻ പത്രം കണ്ടു കെട്ടിയതിനു പിന്നാലെ 1940 ജൂലൈ മൂന്നിന് രാജ്യ രക്ഷ നിയമം അനുസരിച്ച് മുഹമ്മദ് അബദുറഹിമാനെ അറസ്റ്റ് ചെയ്തു. പിന്നീട് 1809 ദിവസം നീണ്ടു നിന്ന കാരാഗൃഹവാസമായിരുന്നു. അദ്ദേഹം വെല്ലൂർ ജയിലിൽ നിന്നും 1945 സെപ്തംബർ നാലിനാണ് മോചിപ്പിക്കപ്പെട്ടത്. മുംബയിൽ 1945 സെപ്തംബർ 22 നും 23 നും നടന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മളനത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ പങ്കെടുത്തു. അദ്ദേഹം തടവറയിൽ കഴിഞ്ഞ കാലത്ത് ലോകം വളരെയേറെ മാറിയിരുന്നു.
സഹപ്രവർത്തകൻ പി. അഹമ്മദ് സാഹിബിന്റെ ജാക്കോസ് വില്ലയിൽ താമസിച്ച് മുഹമ്മദ് അബ്ദുറഹിമാൻ പിന്നീട് പൊതു പ്രവർത്തനം തുടർന്ന് പോന്നു.
അദ്ദേഹം മുന്നൂറിലധികം യോഗങ്ങളിൽ 77 ദിവസങ്ങൾക്കുള്ളിൽ പ്രസംഗിച്ചു. കൊടിയത്തൂരിൽ ആറായിരം മുസ്ലീങ്ങൾ പങ്കെടുത്ത മഹായോഗത്തിൽ 1945 നവംബർ 23 ന് രണ്ടുമണിക്കൂറോളം പ്രസംഗിച്ചു മടങ്ങുമ്പോൾ വഴിയിൽ തളർന്ന് വീണ മുഹമ്മദ് അബ്ദുറഹിമാൻ താമസ സ്ഥലത്തെത്തും മുൻപേ മരണമടഞ്ഞു.
ജന്മഗൃഹം ചരിത്ര മ്യൂസിയമാക്കി
അഴീക്കോട് മേനോൻ ബസാറിൽ സ്ഥിതി ചെയ്യുന്ന മുഹമ്മദ് അബ്‌ദു റഹിമാന്റെ ജന്മഗൃഹം ചരിത്ര മ്യൂസിയമാക്കിയിട്ടുണ്ട്. ചരിത്രാന്വേഷകർക്കും വിനോദ സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഈ സ്‌മാരകത്തിൽ നിന്നും തീക്ഷ്ണമായ സ്വാതന്ത്യ സമര ചിന്തകൾ സ്വാംശീകരിക്കാനാകുന്നു. മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് ചരിത്ര മ്യൂസിയം നാടിന് സമർപ്പിച്ചിട്ടുള്ളത്. ഇവിടെ നിന്നും സുപ്രധാന സംഭവങ്ങൾ പാഠശാലകളിൽ നിന്നോണം ഫലകങ്ങളിൽ നിന്നും വായിച്ചെടുക്കാം.
രാഷ്ട്രീയവും സംസ്‌കാരികവുമുൾപ്പെടെ അൻപതിലേറെ ഫലകങ്ങങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. മുഹമ്മദ് അബ്‌ദു റഹിമാന്റെ ജീവിത സന്ദേശങ്ങളും പ്രവർത്തനങ്ങളുമെല്ലാം വാക്രധോരണികളായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. മുഹമ്മദ് അബ്‌ദു റഹിമാനുമായി ആത്മ ബന്ധം പുലർത്തിയ പല വ്യക്തികളുടെയും ജീവിതത്തിന്റെ പ്രധാനപ്പെട്ട പരാമർശങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ദർശനങ്ങൾ ഈ സ്മാരകത്തിൽ ദർപ്പണങ്ങളായി ജ്വലിക്കുന്നു. ഇതെല്ലം അപൂർവ്വമായ ആവിഷ്കാരങ്ങളാണ്. മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതസാരവും സൽക്കർമ്മങ്ങളും പുതിയ തലമുറകൾക്ക് പ്രചോദനങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ജീവിതാന്ത്യം വരെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെ ജീവിച്ചു.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment