ഉപ സംവരണം പരിഹാരമല്ല, ക്രീമിലെയർവാദം സാമൂഹ്യനീതിക്ക് നിരക്കാത്തത് -കെ പി എം എസ്
തൃശ്ശൂർ: പട്ടിക ജാതി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് കെ.പി.എം എസ് അഭിപ്രായപ്പെട്ടു . പട്ടികജാതി പട്ടികവർഗ്ഗ സമൂഹങ്ങളുടെ വർത്തമാനകാല സ്ഥിതിയെ സംബന്ധിച്ച് ആധികാരികമായ യാതൊരു പഠനങ്ങളും നടത്താതെയാണ് സുപ്രീം കോടതിയുടെ ഈ വിധി പ്രസ്ഥാവം ഉണ്ടായിട്ടുള്ളത്. ഇത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് ഉണ്ടാക്കുന്നത്.
സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിച്ച് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടനയിൽ ഈ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുള്ളത് .ആ അർത്ഥത്തിൽ ഈ വിഭാഗങ്ങൾക്ക് സാമൂഹിക നീതി ലഭ്യമായിട്ടുണ്ടോയെന്ന്പരിശോധിക്കപെട്ടിട്ടില്ല, എന്നു മാത്രമല്ല സംവരണവുമായി ബന്ധപ്പെട്ട് നിരവധി കമ്മീഷനുകളുടെ പoന റിപ്പോർട്ടുകളിലും കോടതി വിധികളിലും ക്രീമിലെയറും, സബ്ബ് ക്ലാസിഫിക്കേഷനും നടപ്പിലാക്കരുതെന്ന് പറയുന്നുണ്ട്.
ഭരണഘടനാപരമായി പട്ടിക വിഭാഗങ്ങളെ നിർണ്ണയിക്കാനും, മാറ്റം വരുത്തുവാനുമുള്ള അധികാരം അനുഛേദം 341,342 പ്രകാരം പാർലമെൻ്റിനും, ഇന്ത്യൻ പ്രസിഡൻ്റിനു മാണെന്നിരിക്കെ ഇതൊന്നും പരിഗണിക്കാതെ, നിയമ നിർമ്മാണം നടത്താനുള്ള പാർലമെൻറിൻ്റെ അധികാരങ്ങളെ പോലും കവർന്നെടുത്തു കൊണ്ടാണ് പരമോന്നത നീതിപീഠം പ്രവർത്തിക്കുന്നത്.
പ്രാതിനിധ്യത്തിൽ നിന്നും പുറം തള്ളപ്പെട്ടു പോയ അതി ദുർബല വിഭാഗങ്ങൾക്ക് സംവരണാവകാശം ലഭ്യമാക്കുന്നതിനായി വിദ്യാഭ്യാസ മത്സര പരീക്ഷാ ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കണ്ടത് .ഇത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ഉപവർഗ്ഗീകരണം നടപ്പിലാക്കുമ്പോൾ ദുർബല വിഭാഗങ്ങളിൽ നിന്നും യോഗ്യരായിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാതെ വരുന്ന സാഹചര്യo സൃഷ്ടിച്ച് അവരുടെ അവസരം തട്ടിയെടുത്ത് മറ്റുള്ളവർക്ക് നൽകാനുള്ള ഗൂഡ പദ്ധതിയാണ്  ആസൂത്രണം ചെയ്യുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജാതി വിഭാഗങ്ങളുടേയും സാമ്പത്തിക, സാമൂഹിക സ്ഥിതിവിവര കണക്ക് പരിശോധിച്ച് ജനസംഖ്യാനുപാതികമായി വിഭവ വിതരണം നടത്തണം. സംവരണ വിരുദ്ധമായ നിയമ-ഭരണ നടപടികളെ നിയമപരമായും സംഘടനാപരമായി നേരിടുവാനും ചെറുക്കുവാനുമായി നാൽപതിലധികം പട്ടിക ജാതി സംഘടനകൾ ചേർന്ന് കൊണ്ട് സംവരണ സംരക്ഷണ സമിതി എന്ന സംഘടനക്ക് രൂപം നൽകിയിട്ടുണ്ട്.           പട്ടിക വിഭാഗങ്ങളെ നിർണയിക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകാതിരിക്കുക,
പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ മാറ്റം വരുത്താതിരിക്കാൻ  പാർലമെൻ്റ് നിയമനിർമ്മാണം നടത്തുക, പട്ടികജാതി സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുക, പട്ടിക വിഭാഗങ്ങളിലെ അതി പിന്നോക്ക വിഭാഗങ്ങൾക്ക് സ്പെഷൽ റിക്രൂട്ട്മെൻ്റ് നടപ്പിലാക്കുക, റോസ്റ്റർ സമ്പ്രദായത്തിലൂടെ അതി പിന്നോക്കക്കാർക്ക് അവസരം ഉറപ്പുവരുത്തുക, കേരളത്തിൽ പട്ടികജാതി സംവരണം ജനസംഖ്യാനുപാതികമായി പത്ത് ശതമാനമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ മൂന്നിന് തൃശ്ശൂരിൽ സംഘടിപ്പിച്ചിട്ടുള്ള സംവരണ സംരക്ഷണ റാലിയും സാമൂഹ്യനീതി സംഗമവും വിജയിപ്പിപ്പിക്കുന്നതിനായി പതിനായിരം പേരെ പങ്കെടുപ്പിക്കുവാൻ കെ.പി.എം എസ് തീരുമാനിച്ചതായി സംസ്ഥാനസംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് അറിയിച്ചു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment