ജില്ലാ വാർത്ത

വമ്പൻ പ്രതീക്ഷ ബാക്കി; കൊടുങ്ങല്ലൂരിന് 32.02 കോടി രൂപയുടെ പദ്ധതികൾ

കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന് ആകെ 32.02 കോടി രൂപയുടെ വികസന പദ്ധതികൾക്ക് നീക്കിവെച്ചതായി എംഎൽഎ ഓഫീസ് അറിയിച്ചു. എന്നാൽ മണ്ഡലത്തിൽ പ്രതീക്ഷിച്ച വമ്പൻ പദ്ധതികൾ ഉൾപ്പെടാത്തത് ശ്രദ്ധേയമായി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വൈന്തലയിൽ പുതിയ കിണർ, പമ്പ് ഹൗസ്, ജലശുദ്ധീകരണ പ്ലാന്റ്, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കുന്നതിനായി 7 കോടി രൂപയാണ് പ്രധാനമായി വകയിരുത്തിയിരിക്കുന്നത്.


പുതിയ എംഎൽഎയും മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ മണ്ഡലത്തിന് കൂടുതൽ വികസന പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും, ബജറ്റിൽ വലിയ പുതിയ പദ്ധതികൾ ഇല്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്. ലഭ്യമായ തുകയിൽ ഭൂരിഭാഗവും ആനുപാതികവും തുടർച്ചാപദ്ധതികളുമാണ്.


മറ്റു പ്രധാന വകയിരുത്തലുകളിൽ പൊയ്യ ഗ്രാമപഞ്ചായത്തിലെ കടാംകുളം നവീകരണത്തിന് 5 കോടി രൂപയും, മാള പഞ്ചായത്തിലെ കടിക്കാട്ടുചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 5 കോടി രൂപയും ഉൾപ്പെടുന്നു. മാള മൾട്ടി ജി.പി. ജലനിധി പദ്ധതിക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


കൂടാതെ, കുഴൂർ–കുണ്ടൂർ പി.ഡബ്ല്യു റോഡിന്റെ ശേഷിക്കുന്ന ഭാഗം ടാറിംഗ് നടത്തുന്നതിനായി 1 കോടി രൂപയും, ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിന് 1.17 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.


കൊടുങ്ങല്ലൂർ വേലായുധ മേനോൻ റോഡ്, കടവരി–കെ.കെ.ടി.എം പമ്പ് റോഡ് സൈഡ് കെട്ടൽ എന്നിവയ്ക്ക് 35 ലക്ഷം രൂപയും, അന്നമനട പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് 2.5 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കാൻ 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


പാതിവഴിയിൽ നിൽക്കുന്ന പദ്ധതികളും മണ്ഡലത്തിന്റെ ദീർഘകാല സ്വപ്നപദ്ധതികളും ബജറ്റിൽ ഉൾപ്പെടാത്തത് ചർച്ചയായിരിക്കുകയാണ്. വരും ബജറ്റുകളിൽ പുതിയ പദ്ധതികൾക്ക് സാങ്കേതിക അനുമതി നേടി കൂടുതൽ വികസനങ്ങൾ എത്തിക്കാൻ മന്ത്രിക്ക് കഴിയുമോ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം.

Leave A Comment