മുസിരിസിനെ 'വക'വെക്കാഞ്ഞതെന്തേ ജനീഷേ ...
കൊടുങ്ങല്ലൂർ: പുരാവസ്തു വകുപ്പ് മന്ത്രി കൂടിയായ ഒ.ജെ. ജനീഷിന്റെ മണ്ഡലത്തിലെ മുസിരിസ് പൈതൃകപദ്ധതിയുടെ ഭാവിയെക്കുറിച്ച് ബജറ്റിൽ വ്യക്തമായ പുതിയ പ്രഖ്യാപനങ്ങൾ ഇല്ലാത്തത് നിരാശയ്ക്ക് ഇടയാക്കി. കൊടുങ്ങല്ലൂർ, പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ലോകോത്തര പൈതൃക ടൂറിസം കേന്ദ്രമാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇത്തവണയും അതിന് ആവശ്യമായ പുതിയ പദ്ധതികളോ പ്രത്യേക ധനവിനിയോഗമോ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
കഴിഞ്ഞ ബജറ്റിൽ 14 കോടി രൂപ വകയിരുത്തിയിരുന്ന പദ്ധതിക്ക് ഈ വർഷം അത് 19 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത് പ്രധാനമായും നിലവിലുള്ള പുരാതന സ്മാരകങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ ടൂറിസം വികസന പ്രവർത്തനങ്ങൾക്കും മാത്രമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. പുതിയ വികസന പദ്ധതികൾക്ക് പ്രത്യേകമായി ധനവിനിയോഗം ഇല്ലെന്നത് ശ്രദ്ധേയമാണ്.
മുസിരിസ് ടൂറിസം പദ്ധതി വിപുലീകരിച്ച് പൈതൃക ടൂറിസത്തിന്റെ ഇന്ത്യയിലെ പ്രധാന കേന്ദ്രമാക്കുമെന്ന ബജറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അതിനായി വ്യക്തമായ റോഡ്‌മാപ്പോ പദ്ധതികൾക്കായുള്ള ഫണ്ടിങ്ങോ വ്യക്തമാക്കിയിട്ടില്ല. 2025 ബജറ്റിൽ പ്രഖ്യാപിച്ച ചില പദ്ധതികളും ഇതുവരെ നടപ്പാക്കാത്തതിനെക്കുറിച്ച് ഇത്തവണയും പരാമർശമില്ല.
സുഗന്ധവ്യഞ്ജന പാത, റിവർ ക്രൂയിസ് പൈതൃക പദ്ധതി, മാള കടവ് വികസനം എന്നിവ പോലുള്ള നിർണായക പദ്ധതികൾക്ക് ഇത്തവണയും പണം അനുവദിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അത് സഫലമായില്ല. ഇതോടെ മുസിരിസ് പൈതൃക പദ്ധതിയുടെ പുരോഗതി വീണ്ടും ആശങ്കയിലായി.
ശതകോടികൾ ചെലവഴിച്ച് ആരംഭിച്ച മുസിരിസ് പൈതൃക പദ്ധതി കൊടുങ്ങല്ലൂർ, പറവൂർ, കയ്പമംഗലം മണ്ഡലങ്ങളിലായി വ്യാപിച്ചിരിക്കുന്നതാണ്. എന്നാൽ 2021 മുതൽ പുതിയ പദ്ധതികളുടെ അഭാവവും നിലവിലുള്ള വികസന പ്രവർത്തനങ്ങളുടെ മന്ദഗതിയും പദ്ധതിയെ ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.
പ്രാദേശിക വികസനം ജനകീയ ആവശ്യമായി നിലനിൽക്കുമ്പോൾ അതിന് വേണ്ട തുടർച്ചയും പ്രാധാന്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായവും ഉയരുന്നു.
Leave A Comment