ഡോക്ടർമാരുടെ സമരം ശക്തമാകുന്നു; ചികിത്സയും പഠനവും പ്രതിസന്ധിയിൽ
തൃശൂർ: ശമ്പളപരിഷ്കരണ കുടിശികയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം ശക്തമാകുന്നു. ഗവ. മെഡിക്കൽ കോളജിൽ ഒപി സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചതോടെ രോഗികളും വിദ്യാർഥികളും ഒരുപോലെ ദുരിതത്തിലായി. വരുംദിവസങ്ങളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾകൂടി നിർത്തിവയ്ക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
കോവിഡ് മഹാമാരിയുടെ കാലത്തു ലോകം നിശ്ചലമായപ്പോൾ ജീവൻ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ചവരോടാണ് സർക്കാർ അവഗണന കാട്ടുന്നതെന്നു ഡോക്ടർമാർ ആരോപിക്കുന്നു. ലോകം നിശ്ചലമായപ്പോൾ ഞങ്ങൾ ഉണർന്നു പ്രവർത്തിച്ചു എന്ന വാചകമടങ്ങിയ വലിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം.
സംസ്ഥാനജീവനക്കാർക്കു നാലു ഗഡു കുടിശിക നൽകിയപ്പോഴും മെഡിക്കൽ കോളജ് ഡോക്ടർമാരെ പാടെ അവഗണിച്ചുവെന്നാണ് ഇവരുടെ പരാതി. പുതിയ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.
ചികിത്സാബഹിഷ്കരണത്തിനുപുറമേ മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകളും ഡോക്ടർമാർ ഉപേക്ഷിച്ചതോടെ കോളജിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടു. സമരം നീളുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കെതിരേ കർശനനടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.
എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. വരുംദിവസങ്ങളിൽ സമരം കൂടുതൽ തീവ്രമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇതോടെ ജില്ലയിലെ പ്രധാന ചികിത്സാകേന്ദ്രമായ മെഡിക്കൽ കോളജിന്റെ പ്രവർത്തനം പാളുമോ എന്ന ആശങ്കയിലാണ് പൊതുജനം.
Leave A Comment