തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹോർഹെ സംഘം? ഇസ്രയേൽ നിയന്ത്രിതമെന്ന് ആരോപണം
ടെൽ അവീവ്: ഹാക്കിംഗ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തിയ ഹോർഹെ സംഘത്തെപ്പറ്റിയുള്ള വെളിപ്പെടുത്തൽ നടത്തി രാജ്യാന്തര മാധ്യമം.
ഇസ്രയേൽ സർക്കാരിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന സംഘം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെടൽ നടത്തിയെന്നാണ് കണ്ടെത്തൽ. കൂട്ട മെസേജുകളും പ്രൊപഗാൻഡ സന്ദേശങ്ങളും ഇന്ത്യയടക്കുമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് പണത്തിനായി നിർമിച്ച് നൽകിയിട്ടുണ്ടെന്ന് ടീം ഹോർഹെ വെളിപ്പെടുത്തി.
ഇസ്രയേൽ ചാരസംഘടനയുടെ മുൻ ഏജന്റായിരുന്ന ടാൽ ഹനാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. ഹോർഹെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഹനാൻ, അത്യാധുനിക സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് സാമൂഹ്യമാധ്യമ പ്രചരണങ്ങളിലും വാർത്താ വെബ്സൈറ്റുകളിലും ഇടപെട്ടുവെന്നാണ് കണ്ടെത്തൽ.
ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലെല്ലാം ഹോർഹെ ടീമിന്റെ സോഫ്റ്റ്വെയർ തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഉപയോഗിക്കപ്പെട്ടു. ട്വിറ്റർ, ഫെയ്സ്ബുക്ക്, ജിമെയിൽ എന്നിവ ഹാക്ക് ചെയ്താണ് ഇടപെടൽ നടത്തിയത്. എൻക്രിപ്റ്റ്ഡ് ആപ്പായ ടെലഗ്രാമിലെ സന്ദേശങ്ങളിൽ ഇടപെടാനുള്ള സാങ്കേതികവിദ്യയും ഇവരുടെ പക്കലുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ വിശ്വസനീയമായ രീതിയിൽ പ്രൊഫൈലുകൾ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് സന്ദേശങ്ങളും രാഷ്ട്രീയ പ്രചരണങ്ങളും നടത്തുന്നതാണ് സംഘത്തിന്റെ രീതി. വ്യാജമെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്നതല്ല ഹോർഹെ ടീം സൃഷ്ടിക്കുന്ന ബോട്ട് പ്രൊഫൈലുകൾ. പ്രൊഫൈലുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് "ചരിത്രവും' നിലപാടുകളും സൃഷ്ടിച്ച് വിശ്വസനീയമായ ചിത്രവും നൽകിയാണ് ഇടപെടൽ.
പ്രമുഖ വാർത്താ വെബ്സൈറ്റുകളിൽ സത്യമെന്ന് തോന്നാവുന്ന രീതിയിലുള്ള വാർത്തകൾ പോസ്റ്റ് ചെയ്തതായും രാഷ്ട്രീയ നേതാക്കന്മാരുടെ കുടുംബങ്ങളിൽ കലഹം ഉണ്ടാക്കാനായി വാണിജ്യ വെബ്സൈറ്റുകളിൽ നിന്ന് വ്യാജ ഓർഡറുകൾ നൽകിയതായും ഹോർഹെ സംഘത്തെപ്പറ്റി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ തെളിഞ്ഞു. ഒരു നേതാവിനെ ഭാര്യയുമായി അകറ്റി രാഷ്ട്രീയ നേട്ടം കൊയ്യാനായി അദ്ദേഹത്തിന്റെ പേരിൽ ഓൺലൈനിലുടെ സെക്സ് ടോയ് ഓർഡർ ചെയ്തിട്ടുണ്ടെന്നും സംഘം വെളിപ്പെടുത്തി.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച് കേംബ്രിഡ്ജ് അനലറ്റിക്ക സംഘവുമായും ടീം ഹോർഹെ സഹകരിച്ചിരുന്നു.
2022 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ ടീമിന്റെ ടെൽ അവീവ് നഗരപ്രാന്തത്തിലെ ഓഫീസിൽ നടത്തിയ ഒളികാമറ ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് രാജ്യാന്തര മാധ്യമം പുറത്തുവിട്ടത്.
Leave A Comment