പ്രാദേശികം

പാലിശേരി–പൂവ്വത്തുശേരിയിൽ ഭീതി വിതച്ച കുറുനരിക്ക് പേവിഷബാധ

അന്നമനട: പാലിശേരി–പൂവ്വത്തുശേരി മേഖലയിൽ കഴിഞ്ഞ ദിവസം നാലുപേരെ കടിച്ച കുറുനരിക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ഒരു കുട്ടിയുൾപ്പെടെ നാലുപേർക്കാണ് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വളർത്തുനായകളെയും കുറുനരി ആക്രമിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് കുറുനരി പ്രദേശത്ത് ഭീതി പരത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രദേശവാസികൾ ജാഗ്രത പാലിച്ചിരുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ജഡം ഏറ്റുവാങ്ങി സംസ്കരിച്ചു.

തുടർന്ന് മണ്ണൂത്തിയിൽ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് കുറുനരിക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി.

വാർഡ് അംഗങ്ങളും ആരോഗ്യ വകുപ്പ് അധികൃതരും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുറുനരിയുടെ കടിയേറ്റ നാലുപേർക്കും പേവിഷ പ്രതിരോധ വാക്സിനും ആവശ്യമായ ചികിത്സയും ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് കൃത്യമായി വാക്സിനേഷൻ നൽകണമെന്നും അസ്വാഭാവികമായി പെരുമാറുന്ന വന്യമൃഗങ്ങളെയോ തെരുവ് മൃഗങ്ങളെയോ കണ്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave A Comment