ട്രെയിനിൽനിന്ന് എറിഞ്ഞുകൊടുത്ത കഞ്ചാവുമായി യുവതി പിടിയിൽ
നെടുമ്പാശേരി: ട്രെയിനിൽനിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടെ ഒഡീഷ സ്വദേശിനി പോലീസിന്റെ പിടിയിലായി. കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിംഗി(24)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ നെടുവന്നൂരായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് എന്തോ പൊതികൾ വലിച്ചെറിയുന്നതു കണ്ട് നാട്ടുകാർ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ പൊതികൾ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടെത്തി. യുവതിയുടെ ബാഗിൽ നാല് പൊതികളിലായി ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനുകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയന്ത്രം പ്രയോഗിക്കുന്നത്.
ആളൊഴിഞ്ഞ സ്ഥലം നേരത്തെ കണ്ടു വച്ചശേഷം ട്രെയിനിൽ കൊണ്ടുവരുന്ന കഞ്ചാവ് ആ ഭാഗത്ത് എത്തുമ്പോൾ പുറത്തേക്ക് എറിയും. അവിടെ കാത്തുനിൽക്കുന്ന ആൾ കഞ്ചാവുമായി സ്ഥലം വിടുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതി നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി. ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ എസ്.എസ്. ശ്രീലാൽ, എഎസ്ഐ പ്രീത, എസ്സിപിഒമാരായ രതീഷ്, വിപിൻ, മനു, സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment