മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ടത്തിന്റെ കാവലാള്‍ വിടപറഞ്ഞു
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. ഇന്ന് വൈകുന്നേരം നാലിനാണ് സംസ്കാരം.
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറ പാകിയ വ്യക്തിത്വമാണ് മാധവ് ഗാഡ്ഗിൽ. 2011ലാണ് പശ്ചിമ ഘട്ട മലനിരകളെക്കുറിച്ച് വിദഗ്ധ പഠനം നടത്തി ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വലിയ വിനാശങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. വ്യവസായവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന വെല്ലുവിളികൾക്കിടയിൽ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ലോകശ്രദ്ധയിൽ കൊണ്ടുവന്നത് ഗാഡ്ഗിലായിരുന്നു.
1942 മേയ് 24നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ.
അപ്ലൈഡ് മാത്തമാറ്റിക്സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും ആറ് പുസ്തകങ്ങളുമുണ്ട്. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്കാരം, പത്മശ്രീ, പദ്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട്
ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ 2010ലാണ് മാധവ് ഗാഡ്ഗിൽ ചെയർമാനായി പതിനാലംഗ സമിതി രൂപീകരിച്ചത്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്താനും പശ്ചിമഘട്ടം സംരക്ഷിക്കാനും പരിപാലിക്കാനും പുനരുജ്ജീവിപ്പിക്കാനും വേണ്ട മാർഗങ്ങള്‍ അറിയിക്കാനുമായിരുന്നു സമിതിക്കുള്ള നിര്‍ദേശം.
ആ ചുമതല നിറവേറ്റി ഗാഡ്ഗില്‍ സമിതി 2011 സെപ്റ്റംബറിൽ റിപ്പോർട്ട് നല്കി. പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ആ റിപ്പോര്‍ട്ട് ഏറെക്കാലം വെളിച്ചം കണ്ടില്ല. പാനൽ നടത്തിയ പഠനങ്ങളും ശേഖരിച്ച വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് പോലും നീക്കം ചെയ്തു.
ഒടുവിൽ, വിവരാവകാശ നിയമപ്രകാരമുള്ള ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ 552 പേജുകളുള്ള റിപ്പോർട്ട് പുറത്തുവന്നു. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിച്ചു.
Leave A Comment