ചെമ്പ് തെളിയുന്നു ; സ്വർണക്കൊള്ളയുടെ വ്യാപ്തി പരിശോധിക്കാൻ എസ്ഐടി
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
Leave A Comment