തൃശൂർ റെയിൽവേ പാർക്കിംഗിലെ തീപിടിത്തം; സ്ഥലത്ത് പരിശോധന നടത്തി ഡിജിപി
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
Leave A Comment