'എന്തൊരു കൊള്ളയാണപ്പാ'; ശബരിമലയിൽ SIT അന്വേഷണ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണം മാത്രമല്ല, ശ്രീകോവിലിലെ കട്ടിളയ്ക്ക് മുകളിൽ പതിപ്പിച്ച ശിവരൂപ-വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലെ പാളികളിലെ സ്വർണവും കൊള്ളയടിച്ചതായി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.
ശ്രീകോവിലിന്റെ വാതിൽക്കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെന്പുപാളികൾ, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്ത രണ്ടു പാളികൾ, കട്ടിളയിലെ മുകൾപ്പടിയിലെ പാളി എന്നിവയിലെ സ്വർണം അപഹരിച്ചതായാണ് കണ്ടെത്തൽ.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിൽനിന്ന് കവർന്നതെന്ന് കരുതുന്നതിലും കൂടുതൽ സ്വർണം കൊള്ളയടിച്ചിട്ടുണ്ടാകുമെന്നാണ് എസ്ഐടി റിപ്പോർട്ട്. ഇതുവരെ 989 ഗ്രാം കവർന്നതായാണ് പുറത്തുവന്ന വിവരം. എന്നാൽ വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്പോൾ കൊള്ളയുടെ വ്യാപ്തി ഉയരും.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചത് 989 ഗ്രാം സ്വർണമെന്നാണ് അവരുടെ പക്കലുള്ള രേഖ. വശങ്ങളിലെ പാളികളിൽനിന്ന് 409 ഗ്രാം, ദ്വാരപാലക ശിൽപത്തിലെ 14 പാളികളിൽ നിന്നായി 577ഗ്രാം, മറ്റിടങ്ങളിൽനിന്ന് മൂന്ന് ഗ്രാം എന്നിങ്ങനെ വേർതിരിച്ചെന്നാണ് കണ്ടെത്തൽ.
ശ്രീകോവിലിന്റെ ഇരുഭാഗങ്ങളിലെയും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ 2019 ജൂലൈ 19നും, ശിൽപങ്ങളിലെ തെക്കും വടക്കും ഭാഗത്തെ പില്ലർ പ്ലേറ്റുകളിലെ പാളികൾ 2019 ജൂലൈ 20നുമാണ് ഇളക്കിയെടുത്തത്. പണിക്കൂലിയായി മൂന്നുലക്ഷം രൂപയായി. ഇതിന് വേർതിരിച്ച സ്വർണത്തിൽ 96.021 ഗ്രാം സ്മാർട്ട് ക്രിയേഷൻസ് എടുത്തു.
വേർതിരിച്ചതിൽ 394 ഗ്രാം സ്വർണം വീണ്ടും പാളികളിൽ പൂശി. ബാക്കി 474.957 ഗ്രാം പോറ്റിയുടെ ഇടനിലക്കാരൻ കൽപേഷ് വഴി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന് എത്തിച്ചെന്നാണ് കണ്ടെത്തൽ.
സ്വർണം വേർതിരിച്ചതിനുള്ള കൂലിയായി സ്മാർട്ട് ക്രിയേഷൻസ് എടുത്തതിന് തുല്യമായ 109.243ഗ്രാം പങ്കജ് ഭണ്ഡാരിയിൽനിന്ന് പിടിച്ചെടുത്തു. ഗോവർധന് കൈമാറിയ സ്വർണത്തിന് തുല്യമായ 474.96 ഗ്രാം സ്വർണം ജ്വലറിയിൽനിന്നു പിടിച്ചെടുത്തു. ഇതിനേക്കാൾ സ്വർണം ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലുണ്ടായിരുന്നതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
Leave A Comment