അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഭൂപൻ ബോറ; ഇനി കാവിക്കൊടിയിൽ
ദിസ്പുർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്ന് ഭുപൻ ബോറ. ബിജെപി അംഗത്വമെടുത്തതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭൂപൻ കുമാർ ബോറ ഞായറാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചലിപ്പിക്കാനുള്ള പണം കോൺഗ്രസിനില്ലെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേർന്നത്. സുരക്ഷിത സീറ്റ് അദ്ദേഹത്തിന് ബിജെപി ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം ഭൂപൻ ബോറ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രതാ സൈക്കിയ. ബോറ പോയതുകൊണ്ട് കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹത്തിന് വലിയ സ്വാധീനമില്ലെന്നും ദേബബ്രത പറഞ്ഞു.
"ഭൂപൻ ബോറ ബിജെപിയിൽ ചേർന്നത് വലിയ സംഭവമല്ല. അദ്ദേഹം കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മണ്ഡലത്തിലെ ഒരാളുപോലും അദ്ദേഹത്തിനൊപ്പം പോയിട്ടില്ല. അവരൊക്കെ നേരത്തെ തന്നെ കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കിയിരുന്നു.'-ദേബബ്രത പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
Leave A Comment