റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു.
ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്. ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോർട്ടർ ഉടമകൾ ചെയ്തതെന്ന ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികൾ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.
വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പതിനായിരം രൂപ പിഴയിട്ടിരുന്നു.
Leave A Comment