ചിന്നക്കനാൽ ഭൂമി കേസ്: മാത്യു കുഴൽനാടന് നോട്ടീസ് അയച്ച് വിജിലൻസ്
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് അയച്ച് വിജിലൻസ്. ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പൻ ചോല തഹസിൽദാർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയേറിയതെന്നാണ് പരാതി.
Leave A Comment