കഞ്ചാവും മയക്കുമരുന്നും തേടി വന്നാൽ അടി കിട്ടുമെന്ന് ഭായ് കോളനിനിവാസികൾ
പെരുമ്പാവൂർ: കഞ്ചാവ്, മയക്കുമരുന്ന് എന്നിവയ്ക്കായി വന്നാൽ തല്ലും എന്ന ബോർഡ് വയ്ക്കേണ്ട ഗതികേടിലേക്ക് എത്തിയിരിക്കുകയാണ് പെരുമ്പാവൂർ കണ്ടന്തറയിലെ ഇതരസംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന ഭായ് കോളനിയിലുള്ളവർ.
പട്ടാപകൽ പോലും കഞ്ചാവ്, ഹെറോയിൻ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കൾ പരസ്യമായി കുത്തിവയ്ക്കുന്നതും വലിക്കുന്നതും സ്ഥിരം കാഴ്ചയായി മാറിയതോടെയാണ് നാട്ടുകാർക്ക് ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിക്കേണ്ടി വന്നത്.
പെരുമ്പാവൂർ കണ്ടന്തറയ്ക്ക് സമീപത്തെ ഭായ് കോളനി എന്നറിയപ്പെടുന്ന ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ഇത്തരത്തിലുള്ള ബോർഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ ആരംഭിച്ച ലഹരി വിരുദ്ധ സമിതി സ്ഥാപിച്ചത്.
ഇതരസംസ്ഥാനക്കാരെ കൂടാതെ മലയാളികളും ഇവിടെ വന്ന് പോകുന്നവരിൽ ഉൾപ്പെടുന്നുണ്ട്. മലയാളത്തിൽ സ്ഥാപിച്ച ബോർഡ് കൂടാതെ ഹിന്ദി, ബംഗ്ലാ, ആസാമീസ് ഭാഷകളിലും ബോർഡുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
ജില്ലയിൽ തന്നെ അല്ലെങ്കിൽ സംസ്ഥാനത്ത് തന്നെ ഇത്രയധികം ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്ന് ഭായ് കോളനിയെ വിശേഷിപ്പിക്കാം. ഇവിടെ ലഹരി വസ്തുക്കളുടെ ഉപയോഗ വിതരണത്തിനൊപ്പം ലൈംഗീക തൊഴിലും മറയില്ലാതെ നടക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇതരസംസ്ഥാനക്കാർക്കിടയിൽ റെൺഡി മാർക്കറ്റ് എന്നാണ് അറിയിപ്പെടുന്നത്. നാട്ടുകാരുടെ പരിശോധയിൽ വിവിധ മുറികൾക്കുള്ളിൽ ലൈംഗീക തൊഴിലിനായി എത്തിച്ചിരിക്കുന്ന നിരവധി സ്ത്രീകളേയും ഡസൻ കണക്കിന് ഗർഭനിരോധന ഉറകളും കണ്ടെത്തിയിരുന്നു. കൂടാതെ കൃത്യമായി വീക്ഷിക്കാൻ സിസിടിവി സംവിധാനങ്ങളും ഇവിടെയുണ്ട്.
അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ കെട്ടിടത്തിൽനിന്നും പത്ത് കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ഈ ഉദ്യോഗസ്ഥന് വീഴ്ച്ച സംഭവിച്ചു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ റൂറൽ എസ്.പി സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ എടുത്തിരുന്നു.
കോളനിയിലെ മറ്റൊരു വീട്ടിൽ നിന്നും 66 ഗ്രാം ഹെറോയിൻ എക്സൈസ് പിടിച്ചെടുത്ത സംഭവമുണ്ടായി. മർക്കറ്റിൽ 10 ലക്ഷം വിലമതിക്കുന്ന ഹെറോയിനാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം നോട്ട് എണ്ണുന്ന മെഷീനും ഒമ്പത് ലക്ഷത്തിലധികം രൂപയും പിടികൂടിയത് ലഹരി വില്പനയുടെ തോത് എത്രയധികം വലുതാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്.
പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് നാട്ടുകാർ ചേർന്ന് ലഹരി വിരുദ്ധ സമതിക്ക് രൂപം നൽകുന്നതും തയാറെടുപ്പുകൾ നടത്തിയതും. ഇതോടെ കോളനിയിലേക്ക് എത്തുന്ന പുറത്ത് നിന്നുള്ള ഇതരസംസ്ഥാനക്കാരെ നാട്ടുകാർ സംഘടിച്ച് വിരട്ടിയോടിക്കാൻ തുടങ്ങിയത്.
Leave A Comment