ജില്ലാ വാർത്ത

അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർണ്ണം; തിരുവനന്തപുരത്ത് ചരിത്രംകുറിച്ച് ബിജെപി

തൃശൂർ: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ മേയർമാരേയും നഗരസഭകളിൽ അധ്യക്ഷന്മാരേയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായി. അട്ടിമറികളൊന്നും എവിടെയും ഉണ്ടായില്ല. 

കേരള ചരിത്രത്തിലാദ്യമായി ബിജെപിയുടെ ആദ്യ മേയറായി തിരുവനന്തപുരത്ത് വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. 

യുഡിഎഫ് ആദ്യമായി അധികാരം പിടിച്ച കൊല്ലം കോർപ്പറേഷനിൽ എ.കെ.ഹഫീസ് മേയറായി. 

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് എൽഡിഎഫിലെ ഒ.സദാശിവൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 

വോട്ടെടുപ്പ് ദിവസം കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായ തൃശ്ശൂരിൽ നിജി ജസ്റ്റിൻ പരിക്കുകളൊന്നുമില്ലാതെ തന്നെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപക്കൊടി ഉയർത്തി വിപ്പ് സ്വീകരിക്കാതിരുന്ന ലാലി ജെയിംസിന്റെ വോട്ടും നിജിക്ക് തന്നെ ലഭിച്ചു. 

കൊച്ചിയിൽ വി.കെ.മിനിമോളും കണ്ണൂരിൽ പി.ഇന്ദിരയും മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 

പാലക്കാട് തൃപ്പൂണിത്തുറ നഗരസഭകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി തന്നെ അധികാരത്തിലേറി. 

രമേഷ് ഡി. കുറുപ്പ് പറവൂർ നഗരസഭ ചെയർമാനായി. 30 അംഗ കൗൺസിലിൽ കുറുപ്പിന് 15 വോട്ടും LDF സ്ഥാനാർത്ഥി CA രാജീവിന് 12 വോട്ടും ലഭിച്ചു. 3 BJP അംഗങ്ങൾ രണ്ടാം വട്ടചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സനായി എൽഡിഎഫിലെ സി പി ഐ സ്ഥാനാർഥി ഹണി പീതാംബരൻ തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയിലെ ഒ.എൻ. ജയദേവനെ 17 -ന് എതിരെ 25 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഹണി പീതാംബരൻ തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ വി.എം. ജോണിക്ക് മൂന്ന് വോട്ട് ലഭിച്ചു. ചെയർപേഴ്സ‌ൻ സ്ഥാനത്തേക്ക് ഹണിയുടെ പേര് സി.പി.എം ലെ പി.എം. രാമദാസ് നിർദ്ദേശിക്കുകയും സി പി ഐയിലെ കെ.എം. രതീഷ് നിർദ്ദേശിക്കുകയും ചെയ്‌തു. ഒരു ബിജെപി അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

മിനി അരവിന്ദൻ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ 

വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സണായി സിപിഎമ്മിലെ മിനി അരവിന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ സിന്ധു സുബ്രമണ്യനായിരുന്നു എതിർ സ്ഥാനാർത്ഥി. മിനി അരവിന്ദനു 22 വോട്ടും സിന്ധുവിനു 18വോട്ടും ലഭിച്ചു. ബി ജെപിയുടെ കണ്ട് കൗൺസിലർമാർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ

കുന്നംകുളത്ത് സൗമ്യ അനിലൻ ചെയർപേഴ്‌സൺ. 18:10:7 വോട്ടിങ്ങ് നില 4 പേർ വിട്ടു നിന്നു.

ചാലക്കുടി നഗരസഭ ചെയർപേഴ്സനായി കോൺഗ്രസിലെ ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ ആലീസ് ഷിബുവിന് 23 വോട്ട് ലഭിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി അൽഫോൻസ ചാക്കോക്ക് 13 വോട്ട് ലഭിച്ചു.  ബി ജെ പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. സൂസി സുനിൽ ആലീസിൻ്റെ പേർ നിർദേശിച്ചു. റീന ഡേവീസ് പിൻതാങ്ങി. അൽഫോൻസ ചാക്കോ യുടെ പേർ ഉഷ പരമേശ്വരൻ നിർദേശിക്കുകയും ബിന്ദു ശശികുമാർ പിന്താങ്ങി. ടി എസ് മാത്യൂസ് വരണാധികാരിയായി.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി കോൺഗ്രസ്സ് നേതാവ് എം.പി. ജാക്സൺ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ ബൈജു കുറ്റിക്കാടനാണ് എം.പി. ജാക്സന്റെ പേര് നിർദ്ദേശിച്ചത്. സുജ സഞ്ജീവ്കുമാർ പിന്താങ്ങി. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച എം.പി. ജാക്സൺ 24 വോട്ടുകൾ നേടി. എൽഡിഎഫ്  പി.വി. ശിവകുമാറിനെയും എൻഡിഎ ടി.കെ. ഷാജുവിനെയുമാണ് ചെയർമാൻ സ്ഥാനാർത്ഥികളായി നിർദ്ദേശിച്ചത്. പി.വി. ശിവകുമാർ 13 വോട്ടും ടി.കെ. ഷാജു 6 വോട്ടും നേടി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ യമുനയായിരുന്നു വരണാധികാരി.

ഉച്ചയ്ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയർ, ഉപാധ്യക്ഷ വോട്ടെടുപ്പ്.

Leave A Comment