വൈറല്‍ ചുമയില്‍ പകച്ച് എറണാകുളം ജില്ല
കൊച്ചി: കാലാവസ്ഥ വ്യതിയാനത്തോടെ വ്യാപകമായ വൈറല്‍ ചുമയില്‍ പകച്ച് ജില്ല. പനിയോടൊപ്പവും അല്ലാതെയും പിടിപെടുന്ന ചുമ നീണ്ടുപോകുന്നതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. പ്രായവ്യത്യാസമില്ലാതെ ദിവസേന പനിക്കും ചുമയ്ക്കും നിരവധി രോഗികളാണ് ചികിത്സ തേടുന്നത്.
അതേസമയം രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സമഗ്രമായ പരിശോധന വേണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയോടൊപ്പം സാധാരണഗതിയിലുണ്ടാകുന്ന ചുമയാണ് ദിവസങ്ങളും ആഴ്ചകളും നീണ്ടുപോകുന്നത്. അണുബാധ മാറിയിട്ടും നീളുന്ന ചുമ പോസ്റ്റ് വൈറല്‍ ചുമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
രാത്രി സമയങ്ങളിലും തണുപ്പ് ഏല്ക്കുമ്പോഴും ഇത് കൂടാന്‍ സാധ്യതയുണ്ട്. നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും പനിക്ക് ശേഷമുള്ള ചുമ അവഗണിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ചൂട് കൂടിയതോടെ വായുവിലൂടെയും വൈറസ് പകരുകയാണ്. ഇത് രോഗികളുടെ എണ്ണം വര്‍ധിക്കാൻ കാരണമാകുന്നു.
വൈറല്‍ അണുബാധയ്ക്കുശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെന്‍സിറ്റിവിറ്റിയും നീര്‍ക്കെട്ടുമാണ് പ്രധാനമായും പോസ്റ്റ് വൈറല്‍ ചുമയ്ക്ക് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തൊണ്ട കുത്തിയുള്ള ചുമയാണ് കൂടുതല്‍ പേരിലും കണ്ടുവരുന്നത്. ജില്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് പുറമേ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ തിരക്കാണ്.
അതേസമയം ചുമയ്ക്ക് ചികിത്സ തേടാത്തവരും നിരവധിയാണ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ടവിധം ബോധവല്‍ക്കരണം നടത്താത്തതും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാക്കുന്നത്.
ചികിത്സ തേടുന്ന നൂറില്‍ അമ്പത് പേരും ചുമ പിടിപെട്ടവരാണെന്നാണ് കണക്കുകള്‍. ചികിത്സ തേടുന്നവരോട് മാസ്ക് ധരിക്കുന്നതിനൊപ്പം ആള്‍ക്കൂട്ടം ഒഴിവാക്കാനും നീരാവി ശ്വസിക്കാനുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
രോഗികള്‍ ചൂടുള്ളവ കഴിക്കുകയും ശബ്ദത്തിന് മതിയായ വിശ്രമം നല്‍കുകയും വേണം. സാധാരണയായി ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ അണുബാധ കുറയും. മൂന്നാഴ്ചയില്‍ കൂടുതല്‍ ഇത് തുടരുകയാണെങ്കില്‍ എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനകളിലേക്ക് കടക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
പനിക്ക് ചികിത്സ തേടിയത് 5,898 പേര്
ജില്ലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധയിടങ്ങളില്‍ പനിക്ക് ചികിത്സ തേടിയത് 5,898 പേര്. ഭൂരിഭാഗം പേരും പനിയും ചുമയുമായി എത്തിയവരാണ്. വൈറല്‍ പനിക്ക് പുറമേ ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചികിത്സ തേടിയവരില്‍ 30 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 68 പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഹെപ്പറ്റൈറ്റിസ് എ 59 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനുപുറമേ ഇന്‍ഫ്ളുവന്‍സ, എലിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Leave A Comment