ഇരിങ്ങാലക്കുട റെയില്‍വേ ടിക്കറ്റ് കൗണ്ടറില്‍ ഒന്ന് പൂട്ടുമെന്ന് ആശങ്ക
ആളൂർ : തൃശൂര്‍ ജില്ലയില്‍ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ നിലവിലുള്ള രണ്ട് ടിക്കറ്റ് കൗണ്ടറുകളില്‍ ഒന്ന് നിര്‍ത്തലാക്കുമോയെന്ന് ആശങ്ക.
കൗണ്ടര്‍ സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ ഈ മാസം 28ന് വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ഇതുവരെ യും പുതിയൊരാളെ റെയില്‍വേ നിയമിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായിരിക്കുന്നത്.
സാധാരണ ഒരു ജീവനക്കാരന് വിരമിക്കുന്നതിനുമുന്പേ പകരക്കാരനെ നിയമിക്കുന്നതു സംബന്ധിച്ച അറിയിപ്പ് സ്റ്റേഷനില്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുടയുടെ കാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
നിലവില്‍ രാവിലെ മുതല്‍തന്നെ രണ്ട് കൗണ്ടറുകളിലും നല്ല തിരക്കാണ്. ഇതില്‍ ഒരു കൗണ്ടര്‍ പൂട്ടിയാല്‍ ടിക്കറ്റിനായി ദീര്‍ഘനേരം ക്യൂ നില്ക്കേണ്ടിവരുന്നത് സ്ഥിരം യാത്രക്കാരെയും ദീര്‍ഘദൂരയാത്രക്കാരെയും ഒരുപോലെ വലയ്ക്കും.
ലോക്കല്‍ ടിക്കറ്റിന്റെ തിരക്കിനിടയില്‍ തല്ക്കാലം ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാകും. മറ്റു സ്റ്റേഷനുകളില്‍ റിസര്‍വേഷനു പ്രത്യേകം കൗണ്ടര്‍ ഉണ്ടെന്നിരിക്കെയാണ് ഇവിടെ ഉള്ള കൗണ്ടര്‍ ഇല്ലാതാക്കുന്നത്.
ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മറ്റു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ എംപി അടിയന്തരമായി ഇടപെടണമെന്നും വിരമിക്കുന്ന ജീവനക്കാരന് പകരം ഉടന്‍ പുതിയ ആളെ നിയോഗിച്ച് രണ്ട് കൗണ്ടറുകളും നിലനിര്‍ത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Leave A Comment