ആഘോഷ ലഹരിയില്‍ കൊച്ചി; അതീവ സുരക്ഷയൊരുക്കി പോലീസ്
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Leave A Comment