പൂരനഗരി ഇനി കലകളുടെ സംഗമഭൂമി
തൃശൂർ: പൂരനഗരി ഇനി കലകളുടെ സംഗമഭൂമി. ജനസാഗരത്തിന്റെ ആരവങ്ങൾ പരിചിതമായ തേക്കിൻകാട്ടിലും പരിസരത്തും ഇനി സകലകലകളുടെയും ആരവം ഉയരും. 64-ാമതു കേരള സ്കൂൾ കലോത്സവത്തിനു നാളെ തിരിതെളിയും.
നാളെമുതൽ 18 വരെ 25 വേദികളിലായി 250 ഇനങ്ങളിൽ 15,000ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. കൗമാരകലാമേളയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിനു തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ ഒന്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും 64-ാം കലോത്സവത്തെ സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും കലാമേളയ്ക്കു സ്വാഗതമോതും.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ സ്വാഗതമാശംസിക്കും. ഉത്തരവാദിത്വകലോത്സവം സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി നൽകും.
കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ.ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ. എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.
Leave A Comment