അന്തര്‍ദേശീയം

ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം നൽകിയതിനെ എതിർത്ത് ചൈന

ബെയ്ജിംഗ്: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കു ഗ്രാമി അവാർഡ് നൽകിയതിൽ കടുത്ത എതിർപ്പുമായി ചൈന. ഈ അംഗീകാരം ഉപയോഗിച്ച് ദലൈലാമ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുന്നു എന്നും ചൈന വ്യക്തമാക്കി.

ലോസ് ആഞ്ചലസിൽ നടന്ന 68-ാമത് ഗ്രാമി അവാർഡ് ചടങ്ങിൽ, മെഡിറ്റേഷൻസ്: "ദ റിഫ്ലളക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' എന്ന സ്പോക്കൺ വേഡ് ആൽബത്തിലൂടെ മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിംഗ് റിക്കാർഡിംഗ്' വിഭാഗത്തിലാണ് ടെൻസിൻ ഗ്യാറ്റ്സോ എന്ന ദലൈലാമ ആദ്യ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. ചടങ്ങിൽ റൂഫസ് വെയ്ൻറൈറ്റ് ദലൈലാമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

ദലൈലാമയുടെ പുരസ്‌കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ഈ ആത്മീയ നേതാവ് മതത്തിന്‍റെ പേരിൽ വിഘടനവാദ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചു.

അദ്ദേഹം ഒരു മതസമൂഹത്തിന്‍റെ പ്രതിനിധിയല്ലെന്നും മതത്തിന്‍റ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്‌ട്രീയ പ്രവാസിയാണ് ദലൈലാമ എന്നു ലിൻ ആരോപിച്ചു.

ചൈനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു ഉപകരണമായി ഈ പുരസ്‌കാരത്തെ ഉപയോഗിക്കുന്നതിനെ ബെയ്ജിംഗ് ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1959ൽ ടിബറ്റ് വിട്ടതിനു ശേഷം ധർമശാലയിൽ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമയ്ക്ക്, ടിബറ്റിന്‍റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങൾക്ക് 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

Leave A Comment