ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സണായിരുന്നു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയായ ഖാലിദ സിയ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1981ൽ ഭരണനേതൃത്വത്തിലേക്കെത്തുന്നത്.
ബംഗ്ലാദേശിൽ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ബീഗം ഖാലിദ സിയ, 1991ൽ ആണ് ആദ്യം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 1996 വരെ പ്രധാനമന്ത്രിയായി തുടർന്ന ഖാലിദ സിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല.
പിന്നീട് 2001-2006 കാലഘട്ടത്തിലും ഖാലിദ സിയ പ്രധാനമന്ത്രി പദത്തിലെത്തി. 2018ൽ അഴിമതി കേസിൽ തടവിലാക്കപ്പെട്ട ഖാലിദ സിയ 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവെച്ചതോടെയാണ് മോചിതയായത്.
Leave A Comment