പോലീസിന് എതിരെയുള്ള ഭീഷണി; മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം : പൊലീസിന് എതിരായ അക്രമങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസിൻ്റെ സമചിത്തത ദൗർബല്യമായി കാണരുതെന്നും ഈ സഹനം രാജ്യത്ത് കേരളാ പൊലീസിന് മാത്രമാണെന്നും ജനറൽ സെക്രട്ടറി സി ആർ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു. തരംതാണ ഭീഷണികളെ നിയമപരമായി നേരിടുമെന്നും നിൻ്റെയൊന്നും ഔദാര്യമായി കിട്ടിയതല്ല പൊലീസ് ജോലിയെന്നും അദ്ദേഹം കുറിച്ചു.
സി.ആർ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
” ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം “
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വ്യത്യസ്ഥങ്ങളായ സമരങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമായി ചില അതിക്രമങ്ങളും നടന്നു വരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നടന്നു വരുന്ന ഈ പ്രകടനങ്ങളിൽ ചിലരെങ്കിലും അന്യായമായ ക്രിമിനൽ പ്രവർത്തനങ്ങളും നടത്തി വരുന്നു.
ജനാധിപത്യത്തിൽ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും അനിവാര്യമാണ്. അത് ഓരോ പൗരന്റേയും പ്രസ്ഥാനങ്ങളുടേയും അവകാശവുമാണ്. ഇത്തരം അവകാശ പോരാട്ടങ്ങൾ മറ്റൊരുവന്റെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലേക്ക് മാറിയാൽ അത് നിയന്ത്രിക്കുന്നതിന്, അനിയന്ത്രിതമായി മാറി അക്രമാസക്തമായാൽ അത് നേരിടുന്നതിന് നിയമപരമായി ചുമതലപ്പെട്ട വിഭാഗമാണ് പോലീസ്. അങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെടുന്ന പോലീസുദ്യോഗസ്ഥർക്ക് നേരെ വലിയ ആക്രമണം നടത്തി പരിക്കേൽപ്പിച്ചിട്ട് പോലും സർവ്വവും സഹിച്ച് സെക്രട്ടറിയേറ്റ് നടയിൽ ഡൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ കേരള സമൂഹം കണ്ടതാണ്. 
കോഴിമുട്ടയുടെ തോടിനുള്ളിൽ കുരുമുളക് പൊടി നിറച്ചുകൊണ്ടുവന്ന് പോലീസിന് നേരേ എറിയുന്ന അനുഭവം പോലും ഉണ്ടായി. ഇത്തരം സഹനങ്ങൾ ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴില്ല എന്നതും ഇത്തരക്കാർ ചിന്തിക്കേണ്ടതാണ്. ഉയർന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാർ. അതുകൊണ്ട് തന്നെ ജനാധിപത്യ സമൂഹത്തിലെ ജനകീയ പ്രതിഷേധങ്ങളെ സമചിത്തതയോടെ നമ്മുടെ പോലീസ് കൈകാര്യം ചെയ്തു വരുന്നു. 
എന്നാൽ അതിനെ ദൗർബല്യമായി കണ്ട് ഇത്തരക്കാർ കൂടുതൽ ആക്രമണകാരികളായി മാറുമ്പോഴാണ് പലപ്പോഴും ഒരു പരിക്കും ഉണ്ടാക്കാത്ത, ജനക്കൂട്ടത്തെ പിരിച്ചു വിടാൻ മാത്രമായി ഉപയോഗിക്കുന്ന ജലപീരങ്കി, ടിയർ ഗ്യാസ് എന്നിവ ഉപയോഗിക്കേണ്ടി വരുന്നത്. തീരെ നിവർത്തി ഇല്ലാത്ത സാഹചര്യത്തിലാണ് ലത്തി പോലും വീശേണ്ടി വരുന്നത്.
ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ചില പോർവിളികൾ പോലും അണികളുടെ കയ്യടിക്ക് വേണ്ടി ചിലർ നടത്തുന്നത് കണ്ടു. എന്തും സഹിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ, അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ല എന്ന ചിന്തയിലാണ് ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിച്ച് ആത്മനിർവൃതി അടയുന്ന തരത്തിലുള്ള ചില പേക്കോമരങ്ങളുടെ ഇത്തരം ജൽപനങ്ങൾ ഉണ്ടാകുന്നത്.
തെരുവിലിട്ട് തല്ലി കയ്യും കാലും ഒടിക്കും എന്ന് ഒരുവൻ. പെൻഷൻ വാങ്ങിപ്പിക്കില്ല എന്ന് മറ്റൊരുവൻ. സ്ഥലവും വീടും കണ്ട് വച്ചിട്ടുണ്ട്, വീട് കയറി ആക്രമിക്കും എന്ന് മറ്റൊരുവൻ. വീട്ടിന് പുറത്ത് ഇറങ്ങി നടക്കാൻ അനുവദിക്കില്ല എന്ന് മറ്റൊരുവൻ. ഇങ്ങനെ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്താനും ചിലർ ഇറങ്ങിയിട്ടുണ്ട്. 
ഇത്തരം ഭീഷണികൾ ആരിൽ നിന്ന് ഉണ്ടായാലും ഇതുപോലെ തരം താഴ്ന്ന ഭാഷയിൽ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാർ തിരിച്ച് പ്രതികരിക്കില്ല എന്ന് സൂചിപ്പിക്കട്ടെ. എന്നാൽ ഇത്തരം പ്രവർത്തികളെ നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരത്തിൽ ആക്രമണങ്ങൾക്ക് വിധേയരാകുന്ന പോലീസ് ഉദ്യോഗസ്ഥർ കൃത്യമായി പരാതികൾ നൽകി കേസെടുപ്പിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും.
“പണികളയും എന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്ന് പറയട്ടെ. നിന്റെയൊന്നും ഔദാര്യത്തിൽ ലഭിച്ച ജോലിയല്ല ഇത്. അധ്വാനിച്ച് പഠിച്ച് PSC വഴി നിയമനം ലഭിച്ചു വന്നവരാണ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ”. അവർ ഇനിയും ഈ നാടിന്റെ നന്മയ്ക്കായി ക്രമസമാധാനപരിപാലനം നടത്തി ഇവിടെ തന്നെ കാണും.
കൃത്യ നിർവ്വഹണത്തിനിടയിൽ ശരികേടുകൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സമീപനം പോലീസ് സംഘടനകൾക്കില്ല. എന്നാൽ അവരവരെ ഏൽപ്പിച്ചിരിക്കുന്ന ജോലി കൃത്യമായി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ചേർത്തു നിർത്താൻ കേരളത്തിലെ പോലീസ് സംഘടനകൾ ഉണ്ടാകും. അവർക്ക് നേരേ ഉണ്ടാകുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടും.
പലതരം ആക്രോശങ്ങൾ പല ഭാഗത്ത് നിന്നും ഇനിയും ഉയർന്നേക്കാം. അനാവശ്യ ആക്രോശങ്ങളെ അവഗണിക്കുക. നാം ചെയ്യുന്ന ഓരോ പ്രവർത്തിയും നിയമപരമാണെന്ന് ഉറപ്പാക്കുക. നാടിന്റെ ക്രമസമാധാന പരിപാലനം കൃത്യമായി നിറവേറ്റുക. ക്രമസമാധാന രംഗത്ത് എന്ന പോലെ തന്നെ ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മാത്രമല്ല സമസ്തമേഖലകളിലും ഇന്ത്യയ്ക്ക് മാതൃകയാണ് കേരളം. 
ഇന്ത്യയിൽ മതേതരത്വത്തിന്റേയും, തിരുവനന്തപുരം : മാനവികതയുടേയും മാതൃകാ സ്ഥാനമാണ് കേരളം. ഇവയെല്ലാം അട്ടിമറിക്കാൻ നീക്കങ്ങളുണ്ടാകുമ്പോൾ ജനകീയ പ്രക്ഷോഭങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇത്തരം പ്രക്ഷോപങ്ങൾ അക്രമാസക്തമാകാതെ ജനാധിപത്യപരമായ സമരരീതികളിലേക്ക് മാറണമെന്ന് കേരളത്തിന്റെ പൊതുസമൂഹത്തോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment