കേരളം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് നിര്‍ദേശം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുളളത്. നടപ്പ് ബജറ്റിലും വരുന്ന ബജറ്റിലും കര്‍ശനമായ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ശമ്പളം ഒഴികെയുളള ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചിയിക്കേണ്ടത്.

ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണകളും ചെലവുകളും തല്‍ക്കാലം ഒഴിവാക്കണം. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ തുക, ബജറ്റില്‍ നീക്കി വെച്ചിരിക്കുന്ന തുകയേക്കാള്‍ കൂടരുതെന്നും ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. ബജറ്റ് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ് എല്ലാവര്‍ഷവും സര്‍ക്കുലര്‍ പുറപ്പെടുവിക്കാറുണ്ട്.

Leave A Comment