കേരള പോലീസ് സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനകളുടെ എണ്ണം വെട്ടിച്ചുരുക്കി സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി. ഇതോടെ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്ന സംഘടന ഇല്ലാതായി.
പുതിയ ഉത്തരവ് പ്രകാരം സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്ഐ വരെയുള്ളവർക്കായി പോലീസ് അസോസിയേഷനും, എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെയുള്ളവർക്കായി കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഇനിമുതൽ സേനയിലുണ്ടാവുക.
പുതിയതായി രൂപീകരിച്ച ഈ രണ്ട് സംഘടനകളിലേക്കും സെപ്‌തംബർ 30നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ നിർദ്ദേശിക്കുന്നു. നിലവിൽ ഇടതുമുന്നണി അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനകളുടെ തലപ്പത്തുള്ളത്.
അതേസമയം ഇല്ലാതായ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആസ്തികൾ പുതിയ രണ്ട് സംഘടനകളും തുല്യമായി പങ്കുവെക്കും. പോലീസ് സേനയിലെ ഭരണസംവിധാനത്തെ മാറ്റിമറിക്കുന്ന വലിയ അഴിച്ചുപണിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
Leave A Comment