വിലക്കയറ്റം: കൂടുതൽ അരിയും ഗോതമ്പും വിപണിയിൽ എത്തിക്കും
തിരുവനന്തപുരം: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതന്പും വിപണിയിൽ എത്തിക്കും.
ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിന് സ്പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതന്പ് 8.70 രൂപയ്ക്കും നൽകും. സെപ്റ്റംബർ മാസത്തെ അരി ഉൾപ്പെടെയുള്ള സബ്സിഡി ഉത്പന്നങ്ങൾ കൂടി വാങ്ങാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് മാസത്തിൽ തന്നെ അതു നൽകും.
30 ഉന്നതികളിൽ കൂടി സഞ്ചരിക്കുന്ന റേഷൻ കടകൾ പുതുതായി ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് കാസർഗോഡ് നടക്കും. പുതുതായി ആറ് മാവേലി സൂപ്പർ സ്റ്റോറുകളും രണ്ട് സൂപ്പർ മാർക്കറ്റുകളും ആരംഭിക്കും. ഇതിനു പുറമെ വൈറ്റിലയിൽ കണ്‍വീനിയൻസ് സ്റ്റോറും ആരംഭിക്കും.
ഓണക്കാല വിപണി നിയന്ത്രണവിധേയമായി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കും. പ്രൈസ് മോണിട്ടറിംഗ് സെല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ നിർദേശം നൽകി. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമെതിരേ കർശനമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്ക്വാഡുകളുടെ പ്രവർത്തനം അടുത്ത ആഴ്ച മുതൽ ആരംഭിക്കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്കു നൽകാനുള്ള പണത്തിൽ ഫെബ്രുവരി മാസം വരെയുള്ളത് നൽകിക്കഴിഞ്ഞു. ബാക്കി തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അടുത്ത സീസണ് ആരംഭിക്കുന്നതിനു മുൻപ് കർഷകരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫുഡ് ഗ്രെയിൻ എടിഎം പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. അർഹരായവർക്ക് ബിപിഎൽ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ
തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷൻകാർഡ് ഉടമകൾക്കും(മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഓഗസ്റ്റ് 25നകം വിതരണം പൂർത്തിയാക്കും. 2026 ജൂണിലെ കണക്കു പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉത്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഏകദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും.
തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ടു മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെ നടക്കും.
ഓണക്കിറ്റിലെ ഉത്പന്നങ്ങൾ
1. പഞ്ചസാര-ഒരു കിലോ
2. വെളിച്ചെണ്ണ-ഒരു ലിറ്റർ
3. തുവരപ്പരിപ്പ്-250 ഗ്രാം
4. ചെറുപയർ-250 ഗ്രാം
5. വൻപയർ-250 ഗ്രാം
6. കടല-500 ഗ്രാം
7. നെയ്യ്-100 മില്ലി ലിറ്റർ
8. പായസക്കൂട്ട്-40 ഗ്രാം
9. തേയില-250 ഗ്രാം
10. പായസം മിക്സ് -200 ഗ്രാം
11. സാന്പാർ പൊടി-100 ഗ്രാം
12. മുളകുപൊടി-100 ഗ്രാം
13. മല്ലിപ്പൊടി-100 ഗ്രാം
14. മഞ്ഞൾപൊടി -100 ഗ്രാം
15. ഉപ്പു പൊടി -ഒരു കിലോ
16. തുണിസഞ്ചി
Leave A Comment