കേരളം

പെരുന്ന സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടാകരുത്': സി.വി. ആനന്ദബോസ്

ന്യൂഡല്‍ഹി: എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. 

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്‍റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.

തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ‌ അത് തന്‍റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.

"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്‍റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'

"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്‍റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? 

ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.

Leave A Comment