KSRTC യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യം ഓർഡിനറി ബസുകളിൽ മാത്രം
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി ആദ്യം ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ പ്രാഥമിക ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് തുടർനടപടികൾക്ക് രൂപം നൽകിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കാനാണ് നീക്കം. ഈ കാലയളവിലെ ലാഭനഷ്ട കണക്കുകൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണറോട് നിർദേശം നൽകും. തുടർന്ന് പദ്ധതിയുടെ വ്യാപ്തി സംബന്ധിച്ച് തുടർ തീരുമാനങ്ങൾ സ്വീകരിക്കും.
ഓർഡിനറി സർവീസ് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കൂടുതൽ ബസുകൾ അനുവദിക്കുന്നതും പരിഗണനയിലാണ്. എല്ലാ വിഭാഗം സ്ത്രീകൾക്കും യാതൊരു മാനദണ്ഡങ്ങളില്ലാതെ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ നിലപാട്. പദ്ധതിയുടെ ചെലവ് സർക്കാർ വഹിക്കുമെന്നും കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും വിലയിരുത്തുന്നു.
ഇതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ചു. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സ്ഥാപനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതാണ് സിഐടിയുവിന്റെ നിലപാട്. ഈ ചെലവ് സർക്കാർ പൂർണ്ണമായും ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, ബാധ്യതകൾ മൂലം കെഎസ്ആർടിസിയെ സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന നിലപാടാണ് ബിഎംഎസ് ഉയർത്തുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ സാമ്പത്തിക സ്ഥിരത ഉറപ്പാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു.
പദ്ധതിയുടെ ആദ്യഘട്ട നടപ്പാക്കലിന് ശേഷം മാത്രമേ തുടർവ്യാപനത്തെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.
Leave A Comment