നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിലും അതിൽ ഫീഡ്ബാക്ക് തേടുന്നതിലും എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. ഭരണപരമായ ഇത്തരം തീരുമാനങ്ങളിൽ കോടതികൾ അനാവശ്യമായി ഇടപെടരുതെന്നും ബെഞ്ച് നിരീക്ഷിച്ചു.
പദ്ധതിക്കായി അനുവദിച്ച 20 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേരള സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രചാരണമാണിതെന്നും, ഇതിനായി സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ സർവേ റദ്ദാക്കിയത്.
എന്നാൽ ഇത് കേവലം ഒരു നയപരമായ തീരുമാനമാണെന്നും വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്താനാണ് സർവേയെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ വാദിച്ചു. സർവേ നടത്തുന്ന വോളണ്ടിയർമാർക്ക് പ്രതിഫലം നൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ സർവേ തടഞ്ഞത്. സുപ്രീംകോടതിയുടെ ഈ ഉത്തരവ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്.
Leave A Comment