പ്രതി രാഹുൽ പുറത്തേക്ക്, പിന്തുണക്കാരൻ രാഹുൽ അകത്തുതന്നെ!
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ. ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർതെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Leave A Comment