പ്രാദേശികം

പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് CPIM

മാള: ആളൂർ കദളിച്ചിറയിൽ പോലീസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി പീണിക്കപറമ്പിൽ ജൂവിൻ രാജുവിന്റെ (16) മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം മാള ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അടിയന്തര ധനസഹായവും അർഹമായ നഷ്ടപരിഹാരവും ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജൂൺ 15ന് നടന്ന അപകടത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം ആരോപിച്ചു. നിയമം പാലിക്കേണ്ടവർ തന്നെ അശ്രദ്ധയോടെയോ അമിതവേഗതയിലോ വാഹനം ഓടിച്ച് അപകടം വരുത്തിയതാണോ എന്ന് നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തി കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തയ്യിൽ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും തുടർചെലവുകൾക്കുമായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജൂവിൻ രാജുവിന്റെ ദാരുണാന്ത്യത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും നാടിനെ നടുക്കിയ ഈ സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സിപിഐഎം മാള ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് സംവിധാനം കൂടുതൽ ജാഗ്രത പുലർത്തുകയും റോഡുകളിൽ സുരക്ഷിത ഗതാഗതം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് ആവശ്യപ്പെട്ടു.

Leave A Comment