രാഷ്ട്രീയം

രക്തസാക്ഷികളായ 90 പേരുടെ ജീവന് മോദി മറുപടി പറയണം: മന്ത്രി ജനീഷ്

തൃശൂർ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്‍റെ രാജിയോടെ പരീക്ഷാക്രമക്കേടുകളിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമവിരുദ്ധമായ നടപടികളിൽ മനംനൊന്തു മരിച്ച 90 വിദ്യാർഥികളുടെ രക്തസാക്ഷിത്വത്തിനു നരേന്ദ്രമോദി മറുപടി പറയണമെന്നും മന്ത്രി ഒ.ജെ. ജനീഷ്. ഇന്ത്യാമുന്നണിയുടെയും വിദ്യാർഥികളുടെയും സമരത്തെത്തുടർന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവച്ചതിനെത്തുടർന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ വിജയസദസും മാർച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചു തവണയാണു വിവിധ സമയങ്ങളിലായി ചോദ്യപേപ്പർ ചോർച്ച ഉണ്ടായത്. എന്നിട്ടും മനഃപൂർവം രാജി വൈകിപ്പിച്ചു വിദ്യാർഥികളെയും യുവജനങ്ങളെയും രാജ്യത്തെ ഒന്നാകെയും മോദി വെല്ലുവിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.

Leave A Comment