രാഷ്ട്രീയം

'ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, യാതൊരു ഡീലുമില്ല'; കോഴ ആരോപണം നിഷേധിച്ച് ജാഫർ

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് തിരഞ്ഞെടുപ്പിൽ കൂറുമാറാൻ അൻപതുലക്ഷംരൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ഇ.യു. ജാഫർ. ഒരു രൂപ പോലും താൻ വാങ്ങിച്ചിട്ടില്ല. 'ജസ്റ്റ് ഒരു ഫ്രണ്ട്ല്‌ലി ടോക്ക്' എന്ന രീതിക്ക് മാത്രമേ സംസാരിച്ചിട്ടേയുള്ളൂവെന്നും കോഴ ആരോപണത്തിന് അടിസ്ഥാനമായി പുറത്തെത്തിയ ഓഡിയോയെ കുറിച്ച് ജാഫർ പ്രതികരിച്ചു. അതിന് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒന്നുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽനിന്ന് യൂഡിഎഫ് സ്ഥാനാർഥിയായി ജയിച്ച ലീഗ് സ്വതന്ത്രനായിരുന്നു ജാഫർ. കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡൻ്റുമായി ജാഫർ സംസാരിക്കുന്ന ഓഡിയോ പുറത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ ഭരണം പിടിക്കും. തനിക്ക് ഒന്നും കിട്ടില്ല. എൽഡിഎഫിനൊപ്പം നിന്നാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ അല്ലെങ്കിൽ 50 ലക്ഷമോ ലഭിക്കുമെന്നാണ് ഹോണിൽ കൂടി ജാഫർ പറയുന്നത്. മണ്ഡലം പ്രസിഡൻ്റ് മുസ്തഫയോടാണ് ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ ഫോണിൽ കൂടി സംസാരിച്ചത്.

താൻ പണം വാങ്ങുന്ന ആളാണെങ്കിൽ തനിക്ക് അത് വിളിച്ചു പറയേണ്ട കാര്യമില്ലല്ലോയെന്നും ജാഫർ പറഞ്ഞു. കാശ് വാങ്ങിയ ആളാണെങ്കിൽ മറ്റൊരാളോട് വിളിച്ചു പറഞ്ഞാൽ അത് റെക്കോഡ് ചെയ്യുമെന്നൊക്കെ അറിയാവുന്നതല്ലേ. എൽഡിഎഫിൻ്റെ ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും ജാഫർ കൂട്ടിച്ചേർത്തു.

സിപിഎം സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയത് തന്റെ ഭാഗത്തുനിന്നു വന്ന ഒരു പിഴവാണ്. അറിഞ്ഞുകൊണ്ട് ചെയ്‌ത തെറ്റല്ല. എൽഡിഎഫിന് വോട്ട് രേഖപ്പെടുത്താനല്ല പോയത്. രാജിവെച്ചെന്നും പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞെന്നു പറഞ്ഞ ജാഹർ, ജനങ്ങളെ വഞ്ചിച്ചിട്ടില്ലെന്നും മനസ്സിൽ ഇപ്പോഴും യുഡിഎഫുകാരനാണെന്നും കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് ലീഗ് സ്വതന്ത്രനായ ജാഫറിനെ ചാക്കിട്ടുപിടിച്ച് എൽഡിഎഫ് ഭരണം നേടാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം ഉയർന്നത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജാഫർ എൽഡിഎഫിന് അനുകൂലമായി പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയും വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജാഫർ ഹാജരാകാതിരിക്കുകയും ചെയ്തു‌. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് ലഭിക്കുകയായിരുന്നു.

Leave A Comment