രാഷ്ട്രീയം

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ LDFന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Leave A Comment