മറ്റത്തൂർ കൂറുമാറ്റം: വിമതരെ തിരിച്ചെടുത്താൽ അംഗീകരിക്കില്ലെന്ന് പ്രാദേശിക നേതാക്കൾ
തൃശ്ശൂര്‍: മറ്റത്തൂരില്‍ ബിജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലെത്തിയവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനമുണ്ടായാല്‍ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം മണ്ഡലം, ബ്ലോക്ക് ഭാരവാഹികള്‍. ബിജെപിയുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ നാണം കെടുത്തിയവരെ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തിയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ ഇവരുണ്ടാക്കിയതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഡിസിസി സെക്രട്ടറി ടി എം ചന്ദ്രന്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിച്ചു.
ഡിസിസി നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ സമാന്തര ഡിസിസിയായാണ് ടി എം ചന്ദ്രന്‍ പ്രവര്‍ത്തിച്ചത്. കെപിസിസി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ടി എം ചന്ദ്രനെയും ഷാഫി കല്ലുപറമ്പിലിനെയും തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശാലിനി ജോയ്, മുന്‍ പഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങള്‍, ബ്ലോക്ക് സെക്രട്ടറി നൗഷാദ് കല്ലുപറമ്പില്‍, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വി വി പിയൂസ്, ഐഎന്‍ടിയുസി ബ്ലോക്ക് സെക്രട്ടറി തങ്കമണി മോഹന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ തുടരില്ലെന്ന് അറിയിച്ചത്. വിമതസ്ഥാനാര്‍ത്ഥിയെ മത്സരത്തില്‍ നിന്ന് മാറ്റാന്‍ ഒരു ലക്ഷം രൂപ വേണമെന്ന് ടി എം ചന്ദ്രന്‍ തന്നോട് ആവശ്യപ്പെട്ടതായി തങ്കമണി മോഹനന്‍ ആരോപിച്ചു.
മധ്യസ്ഥന്‍ വഴിയാണ് പണം ആവശ്യപ്പെട്ടത് എന്നും തങ്കമണി മോഹന്‍ വ്യക്തമാക്കി. തന്നെ വ്യക്തിപരമായി സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും തങ്കമണി മോഹന്‍ പറഞ്ഞു. ബിജെപിയുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനങ്ങള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മാത്രം തിരിച്ചെടുക്കും.
അവര്‍ക്ക് സംഭവിച്ച തെറ്റ് തിരുത്തി കോണ്‍ഗ്രസ് അംഗങ്ങളാക്കി തിരികെ കൊണ്ടുവരാന്‍ ഡിസിസി, കെപിസിസി നേതൃത്വങ്ങളുടെ ഇടപെടല്‍ ഉണ്ടാവണമെന്നും പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി റോജി എം ജോണ്‍ എംഎല്‍എ ചര്‍ച്ച നടത്തിയ വിവരം പത്രവാര്‍ത്ത വഴിയാണ് തങ്ങള്‍ അറിഞ്ഞത്.
ടി എം ചന്ദ്രന് പിന്തുണ നല്‍കുന്നത് മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരാണ്. റോജി എം ജോണ്‍ എംഎല്‍എയെ കണ്ട് മറ്റത്തൂരിലെ യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടുത്തുമെന്നും നേതാക്കള്‍ പ്രതികരിച്ചു.
Leave A Comment