ജോസഫ് ടാജറ്റിനെതിരെയുള്ള പോസ്റ്റർ പതിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്
തൃശ്ശൂർ: തൃശ്ശൂർ ഡിസിസി നേതൃത്വത്തിനെതിരെയും പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയും നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'സേവ് കോൺഗ്രസ്' എന്ന പേരിലാണ് തൃശ്ശൂർ പ്രസ് ക്ലബ് പരിസരത്തും ഡിസിസി ഓഫീസിന് സമീപവും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അർദ്ധരാത്രി 12 മണിയോടെ രണ്ട് പേർ ചേർന്നാണ് പോസ്റ്ററുകൾ പതിച്ചത്. ഇതിൽ ഒരാൾ ഹെൽമറ്റ് ധരിച്ചും രണ്ടാമത്തെയാൾ മാസ്ക് ധരിച്ചുമാണ് എത്തിയത്. തൃശ്ശൂർ നിയമസഭാ സീറ്റ് ക്രൈസ്തവർക്കായി വിറ്റു എന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററുകളിൽ ഉന്നയിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുൻ മേയർ രാജൻ പല്ലന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് ഈ പ്രതിഷേധം. കൂടാതെ, മേയർ പദവി നിജി ജസ്റ്റിന് നൽകിയതിനെക്കുറിച്ചും പോസ്റ്ററുകളിൽ വിമർശനമുണ്ട്.
നേരത്തെ ടി.എൻ പ്രതാപനെതിരെയും ഇത്തരത്തിൽ 'സേവ് കോൺഗ്രസ്' എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പോസ്റ്റർ പതിക്കുന്ന സമയത്ത് പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന ഫോൺ കോളുകൾ പരിശോധിച്ചാൽ പ്രതികളെ വേഗത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് വ്യാപിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave A Comment