ടാക്സ് കുടിശ്ശികയുളള ബാറുകൾ മദ്യം വിതരണം ചെയ്യണ്ടെന്ന് ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം : ടേൺ ഓവര്‍ ടാക്സ് കുടിശിക വരുത്തിയ ബാറുകൾ മദ്യം വിതരണം ചെയ്യേണ്ടെന്ന നികുതി വകുപ്പ് നിര്‍ദ്ദേശം അട്ടിമറിക്കാൻ സര്‍ക്കാർ. നികുതി അടവിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം വിതരണം ചെയ്യേണ്ടതില്ലെന്നാണ് ജിഎസ്ടി വകുപ്പ് നിലപാട്. എന്നാൽ ഇത് നിയമ പരമായി നിലനിൽക്കുന്നതല്ലെന്ന് മാത്രമല്ല വൻ സാമ്പത്തിക നഷ്ടത്തിനും വഴി വയ്ക്കുമെന്നാണ് ബെവ്കോ പറയുന്നത്. നികുതി വകുപ്പ് നിര്‍ദ്ദേശത്തിനെതിരെ ബാറുടമകൾ ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്.
മദ്യത്തിന്‍റെ നികുതി പിരിവിലടക്കം കെടുകാര്യസ്ഥത ആക്ഷേപം ശക്തമായിരിക്കെയാണ് ടേൺ ഓവര്‍ ടാക്സിൽ വീഴ്ച വരുത്തിയ ബാറുകൾക്ക് മദ്യം നൽകേണ്ടെന്ന് നികുതി വകുപ്പ് നിലപാടെടുത്തത്. വീഴ്ച കണ്ടെത്തിയ ബാറുകളിലേക്ക് മദ്യം കൊടുക്കുന്നത് ബെവ്കോ നിര്‍ത്തി. ബാറുടമകൾ നൽകിയ എതിര്‍ഹര്‍ജിയിൽ കോടതി സര്‍ക്കാരിനൊപ്പം നിന്നു.
2014 മുതലുള്ള കണക്ക് അനുസരിച്ച് 200 കോടിയെങ്കിലും കുടിശിക കിട്ടാനുണ്ടെന്നാണ് കണക്ക്, കൃത്യമായ റിട്ടേൺസ് സമര്‍പ്പിക്കാത്ത 328 ബാറുകളുണ്ട്. മദ്യവിതരണം നിര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബാറുടമകൾ നൽകിയ കേസ് അടുത്ത മാസം ആദ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ തന്നെ മലക്കം മറിച്ചിൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പിരിഞ്ഞ് കിട്ടാനുള്ള കോടികൾ തൽക്കാലം കിട്ടിയില്ലെങ്കിലും കുഴപ്പമെന്ന് കരുതുന്നതിന് പിന്നിലെന്തെന്ന ചോദ്യവും ബാക്കി.
Leave A Comment