വികസിത ഇന്ത്യയെന്ന ലക്ഷ്യവുമായി പുതിയ മന്ദിരത്തിലേക്കെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ നാം ഒരു പുതിയ ഭാവിയുടെ തുടക്കമിടാൻ പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഇന്ത്യയെന്ന ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ പുതിയ മന്ദിരത്തിലേക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പുതിയ മന്ദിരത്തിലേക്ക് അംഗങ്ങൾ ഇന്ന് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ വിഷയങ്ങളിൽ നാം കുരുങ്ങി നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദ്യം നമ്മൾ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പുതിയ ബോധ്യത്തോടെയാണ് രാജ്യം ഉണർന്നത്. ഇന്ത്യ ഒരു പുതിയ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു. ഈ ബോധ്യത്തിനും ഊർജ്ജത്തിനും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കഴിയും.
1947ൽ ഇവിടെ വച്ചാണ് ബ്രിട്ടീഷുകാർ അധികാര കൈമാറ്റം നടത്തിയത്. ആ ചരിത്ര നിമിഷത്തിന്റെ സാക്ഷിയാണ് സെൻട്രൽ ഹാൾ. ലോക്സഭയും രാജ്യസഭയും ചേർന്ന് ഇതുവരെ 4000 നിയമങ്ങൾ പാസാക്കി. ആവശ്യം വന്നപ്പോൾ ബില്ലുകൾ പാസാക്കുന്നതിന് സംയുക്ത സെഷനുകൾ നടത്തി.
അമ്മാരായ മുസ്ലിം സ്ത്രീകള്‍ക്കും സഹോദരിമാർക്കും നീതി ലഭിച്ചത് ഈ പാർലമെന്റിൽ വച്ചാണ്. മുത്തലാഖിനെ എതിർക്കുന്ന നിയമം പാസാക്കുന്നതിനും സെൻട്രൽ ഹാൾ സാക്ഷിയായി. കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ നീതി ഉറപ്പുവരുത്തുന്ന നിയമങ്ങളും പാർലമെന്റ് പാസാക്കി. ഇതോടെ ഇവർക്ക് മാന്യമായ രീതിയിൽ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ നൽകാൻ സാധിച്ചു.
ഗണേശ ചതുര്‍ഥിനാളായ ഇന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ഇന്ന് പ്രഥമ സമ്മേളനം ചേരും. പഴയ മന്ദിരത്തോട് അംഗങ്ങള്‍ ഇന്ന് ഗുഡ്‌ബൈ പറഞ്ഞ് പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കും. ഒന്ന് ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ പുതിയൊരു ചരിത്രം കൂടി ആരംഭിക്കുന്നു. 12.35ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് നീങ്ങും. ഉച്ചയ്ക്ക് 1.15ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേക സമ്മേളനം നടക്കും.
Leave A Comment