ജനഹിതം

പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍, കൊച്ചിയില്‍ ഷിയാസ്; വൈപ്പിനില്‍ സസ്‌പെന്‍സ്

കൊച്ചി: സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ കോണ്‍ഗ്രസ്. എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇതുവരെ തീരുമാനമായില്ല. കൊച്ചി, വൈപ്പിന്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ സീറ്റുകളില്‍ കൃത്യമായ നിലപാടിലേക്ക് പാര്‍ട്ടിക്ക് എത്താനായില്ല.

പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന്‍ സ്ഥാനാര്‍ഥിയാകും. സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു.

തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ദോസിനായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസിന് പകരം മുഹമ്മദ് ഷിയാസ് ആകും സ്ഥാനാര്‍ഥിയാവുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ച് ദീപ്തിയുടെ പോസ്റ്ററുകള്‍ കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി കൊച്ചിയില്‍ സര്‍വം ദീപ്തം എന്ന പോസ്റ്ററുകളാണ് എത്തിയത്. എന്നാല്‍ ദീപ്തിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പദവികള്‍ നല്‍കി മാറ്റാനാണ് ശ്രമം.

നേരത്തെ കൊച്ചി മേയര്‍ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ടതില്‍ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഷിയാസിന് വേണ്ടി ബുധനാഴ്ച പ്രവര്‍ത്തകര്‍ റോഡ് ഷോ നടത്താന്‍ തയാറായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ റോഡ് ഷോ മാറ്റിവച്ചു. ഷിയാസിനായി പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും പനമ്പിള്ളി നഗറില്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്‍റെ താത്പര്യത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ് ആകും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാവുക. വൈപ്പിനില്‍ കോണ്‍ഗ്രസ് സസ്‌പെന്‍സ് തുടരുകയാണ്.

Leave A Comment