ജനഹിതം

'ഒരു വോട്ട് മതി വിധി മാറ്റി എഴുതാൻ': ജെൻ സിയെ പിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ 'Gen Z വോട്ട് പാട്ട്' ശ്രദ്ധേയമാകുന്നു. 'ഒരു വോട്ട് മതി കളി മാറി മറിയാൻ' എന്ന പഞ്ചിങ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. യുവതലമുറയുടെ സംസാരശൈലിയും താളവും ഒത്തുചേരുന്ന ഈ റാപ്പ് ഗാനം വോട്ടിങ്ങിന്റെ പ്രാധാന്യം ലളിതവും എന്നാൽ പവർഫുളുമായ രീതിയിൽ അവതരിപ്പിക്കുന്നു.

മലയാളത്തിലെ പ്രമുഖ സംഗീത പ്രതിഭകളുടെ സാന്നിധ്യമാണ് ഈ പാട്ടിന്റെ പ്രധാന ആകർഷണം. പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, മലയാളി റാപ്പ് ലോകത്തെ തരംഗം തിരുമാലി, റാപ്പർ എസ്ടീ (SDEE) എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോർജ് പീറ്ററാണ് വോട്ട് പാട്ടിന് സംഗീതം പകർന്നിരിക്കുന്നത്.


ജെൻ സി വോട്ടർമാരെ ലക്ഷ്യം വെച്ച് തയ്യാറാക്കിയ ഗാനമായതുകൊണ്ട് തന്നെ അവരുടെ ഇഷ്ടപ്പെട്ട സംഗീത ശാഖയായ റാപ്പും ഹിപ്-ഹോപ്പും തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ചലച്ചിത്ര താരങ്ങളായ ടിനി ടോമും കൈലാഷും ചേർന്നാണ് ഈ വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിലാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഗാനം പ്രകാശനം ചെയ്തത്. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശം മാത്രമല്ല, അത് വലിയൊരു കടമ കൂടിയാണെന്ന് കളക്ടർ ചടങ്ങിൽ ഓർമ്മിപ്പിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാകണമെന്നും അതിന് പുതുതലമുറയുടെ ക്രിയാത്മകമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിചേർത്തു.

Leave A Comment