ഒറ്റ മറുകുള്ള പെണ്‍കുട്ടി; ആൻസി ആന്റു എഴുതിയ കഥ
കലങ്ങി മറിഞ്ഞുവരുന്ന മലവെള്ള പാച്ചിലില്‍ മുങ്ങിയും പൊങ്ങിയും ഒഴുകികൊണ്ടേയിരുന്നു ഞാന്‍. ഇടയ്‌ക്കെപ്പോഴോ എന്തിലോ തട്ടി തടഞ്ഞപോലെ നിന്നപ്പോഴാണ് ഞെട്ടി ഉറക്കമുണര്‍ന്നത്.
പിന്നെ ഒന്നിനും ഒരുത്സാഹവും തോന്നിയില്ല. വെറുതെ ഉമ്മറപ്പടിയില്‍ കുത്തിയിരുന്നു.
ഞാന്‍ നിള.
ചേര്‍ത്തുവെക്കാന്‍ കൂടെ വേറെ അലങ്കാരപ്പേരുകള്‍ ഇല്ലാത്തതിനാല്‍ നിങ്ങളും നിള എന്നുതന്നെ വിളിച്ചോളൂ..
ഒറ്റക്ക് താമസിക്കുന്ന ഒരു അനാഥ.
അനാഥ എന്ന് വെച്ചാല്‍ ജനിച്ചത് അനാഥത്വത്തിലല്ലാട്ടോ. കാലക്രമേണ അങ്ങനെയായി എന്നുമാത്രം.
അന്നൊരു മഴക്കാലത്ത് വീശിയടിച്ചെത്തിയ കാറ്റില്‍ നിലംപൊത്തിയ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാട്ടുകാര്‍ അച്ഛനേയും അമ്മയേയും എടുക്കുമ്പോള്‍ അവര്‍ക്ക് ജീവനില്ലായിരുന്നു. അമ്മവീട്ടില്‍ വിരുന്ന് പോയതുകൊണ്ട് എന്നെ മാത്രം കാലം ബാക്കി വെച്ചു.
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് വളര്‍ന്നു.
ചെറുപ്പം മുതലേ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് എന്റെ മേല്‍ച്ചുണ്ടില്‍ ഉണ്ടായിരുന്ന മറുകിനെ പറ്റിയാണ്. ചിലര്‍ അതിനെ ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമായി കണ്ടപ്പോള്‍ ചിലര്‍ക്കത് ഭാഗ്യമായിരുന്നു.
എന്ത് ഭാഗ്യം.
അത് കൊണ്ടാണോ അനാഥത്വത്തിന്റെ ഭീകരത ഏറ്റുവാങ്ങേണ്ടി വന്നത്.
അതുകൊണ്ട് ആദ്യത്തെ കൂട്ടരോടാണ് എനിക്ക് ചായ്‌വ്.
എന്നാല്‍ യുവാക്കള്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് മോഹം തോന്നുന്നത് ഈ മറുകിനോടാണത്രേ.
ഇത് കേള്‍ക്കുമ്പോഴേ എനിക്ക് ചിരിവരും. അങ്ങനെയും മോഹങ്ങള്‍ ഉണ്ടോ..?
ഉണ്ടാകുമായിരിക്കും.
അല്ലെങ്കില്‍ ഗിരിക്കും അങ്ങനെ തോന്നോ..?
ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാ. എന്തിനും ഏതിനും ഒപ്പം നില്‍ക്കുന്നവന്‍. അവന്‍ ഇന്നാള് ഒരു ദിവസം പറയാ.. നിന്റെ മറുക് സ്വന്തമാക്കാന്‍ മോഹം തോന്നുന്നു പെണ്ണേ.. എന്ന്.
വഷളന്‍..!
അങ്ങനെ പറയാനാ തോന്നിയേ...
അത് പറഞ്ഞപ്പോഴേക്കും ഒരു പൊട്ടിച്ചിരിയായിരുന്നു.
കൂര്‍പ്പിച്ച് നോക്കി തിരിഞ്ഞ് നടന്നപ്പഴേയ്ക്കും ബൈക്കില്‍ ഇരുന്നുകൊണ്ടു തന്നെ അവന്‍ വിളിച്ചു പറഞ്ഞു. മറുക് മാത്രമല്ല പെണ്ണേ... നിന്നേകൂടി സ്വന്തമാക്കാനാണ് ഞാന്‍ ആഗ്രഹിച്ചതെന്ന്.
അത് കേട്ടപ്പോ ഉള്ളില്‍ മഞ്ഞുതുള്ളി വീണ്പോലെയായിരുന്നു. അന്ന് മുതലാണ് സ്വപ്നങ്ങളില്ലാതിരുന്ന ഞാന്‍ സ്വപ്‌നം കണ്ടുതുടങ്ങിയത്. അന്നാണ് ഗിരിക്കുവേണ്ടി മനസ്സ് ആഗ്രഹിച്ചത്. മധുരമായ ഓര്‍മ്മകളില്‍ അലിഞ്ഞുപോയി നിള.
'എന്താ കുട്ടി രാവിലെ തന്നെ ആലോചിച്ചിരിക്കണേ..'
രാമേട്ടന്റെ ചോദ്യമാണ് വര്‍ത്തമാനകാലത്തിലേ്ക്ക് വീണ്ടുമെന്നെ എത്തിച്ചത്.
'ഒന്നുമില്ല രാമേട്ടാ' അലസമായും എന്നാല്‍ ചെറിയ ചിരിയോടെയും ഞാന്‍ പറഞ്ഞു.
ഉം.. ഉം.. നടക്കട്ടെ..
അതും പറഞ്ഞ് അയാള്‍ പോയി.
കാലുകള്‍ ഒന്ന് നിവര്‍ത്തി എണീക്കാന്‍ നോക്കിയപ്പോഴാണ് ഗിരി തന്ന കൊലുസ് കണ്ണിലുടക്കിയത്.
അത് കണ്ടപ്പോ മനസ്സ് ഒന്ന് തുടി കൊട്ടി.
ഒരു ദിവസം വൈകീട്ട് ചെടികള്‍ക്ക് വെള്ളം നനച്ച് നിന്നപ്പോഴാണ് ഗിരി വന്നത്.
വന്ന പാടെ വണ്ടി നിര്‍ത്തി കയ്യില്‍ പിടിച്ച് വലിച്ച് പറഞ്ഞു. 'ഇങ്ങ് വാ പെണ്ണേ... ഞാന്‍ നിനക്ക് ഒരുകൂട്ടം കൊണ്ടുവന്നിട്ടുണ്ട്.' ഉമ്മറത്തെ അര തിണ്ണയില്‍ എന്നെ പിടിച്ചിരുത്തി പറഞ്ഞു.
'എന്താ അത്' വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെയാണ ഞാന്‍ ചോദിച്ചത്.
'കണ്ണടയ്ക്ക്'
പറഞ്ഞതിനൊപ്പം നേരെ താഴേക്ക് ഇരുന്നു അവന്‍. കയ്യിരുന്ന പൊതി തുറന്ന് അതിലുണ്ടായിരുന്ന വെള്ളി കൊലുസ് കാലിലണിയിച്ചു. ഒപ്പം കാലില്‍ ഒരു മുത്തവും.
ആ ഓര്‍മ്മയില്‍ ഒന്നുലഞ്ഞുപോയി ഞാന്‍.
അപ്പോഴാണ് ബൈക്കിന്റെ ശബ്ദം കേട്ടത്.
വന്നപാടെ ഗിരി ചോദിച്ചത് എന്താ പെണ്ണെ മുഖം വല്ലാതെയിരിക്കുന്നത്.
പറയാതെ തന്നെ തന്റെ എല്ലാ ഭാവങ്ങളും ഒപ്പിയെടുക്കാന്‍ നല്ല മിടുക്കാണ് ഗിരിക്ക്.
പറയാതെ ഇരുന്നിട്ട് കാര്യമില്ല. പറയുന്നതുവരെ ചോദിച്ചുകൊണ്ടിരിക്കും. വെളുപ്പിന് കണ്ട സ്വപ്നം പറഞ്ഞു. ഇന്ന് മലവെള്ളത്തില്‍ ഒഴുകുന്നതാണ് കണ്ടതെങ്കില്‍ ഇന്നലെ വനാന്തരത്തില്‍ ഒറ്റപ്പെട്ടുപോയതാണ് കണ്ടത്. മിനിഞ്ഞാന്ന് ഏതോ തുരുത്തില്‍ ഒറ്റക്ക് നില്‍ക്കുന്നത്. അങ്ങനെയങ്ങനെ എന്നും കാണാറുണ്ട് എന്തെങ്കിലും ദുഃസ്വപ്‌നങ്ങള്‍.
തലക്കൊരു കൊട്ടായിരുന്നു അവന്റെ മറുപടി.
പിന്നെ പറഞ്ഞു. സ്വപ്‌നം ആര്‍ക്കും എപ്പോ വേണമെങ്കിലും കാണാം. കാശ് ചിലവില്ലാണ്ട് കാണാന്‍ പറ്റുന്ന ഒരേ ഒരു കാര്യം സ്വപ്നമാണ്. ഏതായാലും കാണാണ്. എന്നാ പിന്നെ നിനക്ക് നമ്മളെ പറ്റി സ്വപ്‌നം കണ്ടൂടെ. അകമ്പടിയായി ഒരു ചിരിയും.
'നോക്ക്... നീ ഒറ്റക്കാണെന്ന ചിന്തയാണ് നിനക്ക് ഇത്തരം സ്വപ്‌നം കാണാന്‍ തോന്നിക്കണേ.. നീ ഒറ്റക്കല്ല. അത് ആദ്യം മനസ്സിലാക്ക്. ഞാനുണ്ട് എപ്പോഴും. ഇനി വളരെ കുറച്ചുനാളുകളേ അവിടേം ഇവിടേം ആയി നില്‍ക്കേണ്ടി വരുള്ളൂ. അത് കഴിഞ്ഞാ പിന്നെ നമ്മളൊന്നിച്ചല്ലേ. അത് മാത്രം ആലോചിച്ചാമതി തല്‍ക്കാലം.'
അത് പറഞ്ഞ് ഒന്ന് ചേര്‍ത്ത് പിടിച്ചിട്ട് അവന്‍ പോയി.
പക്ഷേ അത് മതിയായിരുന്നു എന്റെ മനസ്സ് ശാന്തമാകാന്‍.
അതേ ഞാനും ആഗ്രഹിച്ചിട്ടുള്ളൂ.
ഈ ചേര്‍ത്ത് പിടിക്കലോളം ആശ്വാസംനല്‍കുന്ന വേറൊന്നില്ല.
ഒപ്പമുണ്ട് എന്നതിനേക്കാള്‍ വിട്ടുകളയില്ലാന്ന് പറയാതെ പറയും ഗിരി.
അവന്‍ പോയ വഴിയിലേക്ക് നോക്കി മനസ്സ് മന്ത്രിച്ചു.
ഇനിയുള്ള നാളെകള്‍ നമുക്കുള്ളതാണ്.
നമുക്ക് മാത്രം.
Leave A Comment