ഡിജിറ്റൽ ഒപ്പ് കൈക്കലാക്കി വ്യാജരേഖ; പറവൂരിൽ യുവാവ് അറസ്റ്റിൽ
പറവൂർ: നഗരസഭ അസിസ്റ്റന്റ് എൻജിനീയറുടെ ഡിജിറ്റൽ ഒപ്പ് കൈക്കലാക്കി വ്യാജരേഖ ചമച്ച കേസിൽ തെക്കേനാലുവഴി മഞ്ഞുമ്മൽ എം.ആർ. രോഹിത്ത് (25) അറസ്റ്റിലായി. ബിടെക് ബിരുദധാരിയായ ഇയാൾ വ്യാജ ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചതായി കാണിച്ച് ആളുകളിൽനിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്.
അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. തെക്കേനാലുവഴി ഞാറുകണ്ടത്തിൽ സുനിൽകുമാറിനെയും ചെറിയപല്ലംതുരുത്ത് സ്വദേശി നിഥിനെയും രോഹിത്ത് കബളിപ്പിച്ചു. സുനിലിന്റെ വീടിന്റെ മുകൾനിലയിൽ ഡ്രൈവിംഗ് സ്കൂൾ ഓഫീസ് പ്രവർത്തിച്ചിരുന്നു. ഇതിനാൽ ഈ മുറിക്ക് കൊമേഴ്സ്യൽ പെർമിറ്റാണ് ഉണ്ടായിരുന്നത്. വീട് വിൽപ്പന ആയതിനെതുടർന്ന് കൊമേഴ്സ്യൽ പെർമിറ്റ് റഡിഡൻഷ്യൽ പെർമിറ്റാക്കി മാറ്റാനാണു ലൈസൻസിയായ എം.ആർ. രോഹിത്തിനെ സുനിൽകുമാർ സമീപിച്ചത്.
എന്നാൽ ഓൺലൈനായി രോഹിത്ത് അപേക്ഷ സമർപ്പിച്ചില്ല. അസിസ്റ്റന്റ് എൻജിനീയർ മറ്റൊരു പെർമിറ്റ് അനുവദിച്ച സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്തു സുനിൽകുമാറിനു നൽകി 6,000 രൂപ ഈടാക്കി.
ചെറിയപല്ലംതുരുത്ത് സ്വദേശി നിഥിനിൽനിന്നു 27000 രൂപയും തട്ടിയെടുത്തു. ഒരു മാസം മുന്പു പണമടച്ചു അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നതിനാൽ സുനിൽകുമാർ നഗരസഭയിൽ അന്വേഷിച്ച് എത്തിയപ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. രോഹിത്ത് ഓൺലൈനായി അപേക്ഷ നൽകിയില്ലെന്നു ബോധ്യമായതോടെ നഗരസഭ സെക്രട്ടറി പോലീസിനെ അറിയിച്ചു. യഥാർഥ പെർമിറ്റിൽ ഉണ്ടാകേണ്ട ക്യുആർ കോഡ് വ്യാജ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നില്ല. രോഹിത്ത് കൂടുതൽ പേരെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാജരേഖ ഉണ്ടാക്കിയ സാഹചര്യത്തിൽ നഗരസഭയിൽനിന്നു നൽകിയിട്ടുള്ള ബിൽഡിംഗ് പെർമിറ്റ്, ഒക്യുപെൻസി സർട്ടിഫിക്കറ്റ് എന്നിവയിലെ ക്യൂആർ കോഡ് ഓൺലൈനായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നഗരസഭയുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റുകളോ സീലുകളോ ഡിജിറ്റൽ സിഗ്നേച്ചറുകളോ കണ്ടെത്തിയാൽ സെക്രട്ടറിയെയോ പോലീസിനെയോ അറിയിക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Leave A Comment