പറവൂർ വടക്കേക്കരയിൽ നിന്ന് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി; മൂന്നുപേര്‍ പിടിയില്‍
പറവൂർ: വടക്കേക്കരയില്‍നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. അസം സ്വദേശികളായ രഹാം അലി(26) ജഹദ് അലി(26) സംനാസ്(60) എന്നിവരെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. പോലീസ് നല്‍കിയവിവരത്തെ തുടര്‍ന്ന് കുട്ടികളെയും മറ്റൊരു പ്രതിയായ സാഹിദ എന്ന യുവതിയെയും ഗുവാഹാട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവരെ എറണാകുളത്തേക്ക് എത്തിക്കാനായി പോലീസ് സംഘം ഗുവാഹാട്ടിയിലേക്ക് തിരിച്ചു.
വടക്കേക്കര മച്ചാംതുരത്ത് ഭാഗത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മക്കളെയാണ് ഇവരുടെ അകന്നബന്ധു കൂടിയായ സാഹിദയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. അഞ്ചാംക്ലാസിലും മൂന്നാംക്ലാസിലും പഠിക്കുന്ന കുട്ടികളെ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് സാഹിദ കുട്ടികളുമായി വിമാനത്തില്‍ ഗുവാഹാട്ടിയിലേക്ക് പോവുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടികളെയും കടത്തിക്കൊണ്ടുപോയ സ്ത്രീയെ വിമാനത്താവളത്തില്‍ തടയാനായത്.
കുട്ടികളുടെ മാതാപിതാക്കളുമായി സാഹിദയ്ക്കുള്ള കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി ഇവര്‍ മറ്റുപ്രതികളുടെ സഹായം തേടുകയായിരുന്നു. ജഹദ് അലിയാണ് യുവതിക്ക് വിമാനടിക്കറ്റെടുത്ത് നല്‍കിയതെന്നും ഇയാളാണ് മൂവരെയും കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
പിടിയിലായ രഹാം അലി വെല്‍ഡിങ് തൊഴിലാളിയാണ്. ജഹദ് അലി കോഴിക്കടയിലാണ് ജോലിചെയ്യുന്നത്.
ഡി.വൈ.എസ്.പി എ.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ വി.സി.സൂരജ്, എസ്.ഐ.മാരായ എം.എസ്.ഷെറി, വി.എം.റസാഖ്, എം.കെ.സുധി സീനിയര്‍ സി.പി.ഒ.മാരായ പ്രവീണ്‍ ദാസ്, ലിജോഫിലിപ്പ്, സി.പി.ഒ.മാരായ വി.എസ്.അപര്‍ണ്ണ, കെ.എം.ബിജില്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Leave A Comment