വോട്ടിംഗ് മെഷീൻ പുറത്ത്, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ബംഗളൂരു
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി.
88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക.
കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്.
369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.
Leave A Comment