ക്രൈം

അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ

ഇരിങ്ങാലക്കുട: തൃശ്ശൂർ, എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെ (40) യാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. 

ഇക്കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസ് റോഡിൽ രണ്ട് വീടുകളിൽ മോഷണം നടന്നിരുന്നു. പരാരത്ത് പറമ്പിൽ സന്ദീപ്, കോണത്ത് മൈക്കിൾ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഈ കേസിലും പ്രതിയാണ് വിനോദ് എന്ന് പോലീസ് പറഞ്ഞു. സന്ദീപിൻ്റെ വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന പ്രതി  വെള്ളി ആഭരണങ്ങൾ കവർന്നു. സന്ദീപും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു കവർച്ച നടത്തിയത്. മൈക്കിളിൻ്റെ വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്ന് പ്രതി  അകത്തു കയറിയെങ്കിലും ഒന്നും തന്നെ ലഭിച്ചില്ല. 

ജൂലായ്‌ 23-ന് പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന്‌ മോഷണം നടത്തിയ കേസിലും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലും പ്രതിയായ ഇയാളെ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പെൺസുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് കൊടുങ്ങല്ലൂരിൽനിന്ന്‌ സീനിയർ സി.പി.ഒ. സി.ജി. ധനേഷ്, ഇ.എസ്. ജീവൻ, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവർ പ്രതിയെ പിടികൂടിയത്. 

പടിയൂരിലെ മോഷണക്കേസ് അന്വേഷണത്തിനിടെയാണ് അരിപ്പാലത്തെ അടഞ്ഞുകിടന്ന വീട്ടിലും മോഷണം നടന്നത്. ഇതോടെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കൂടുതൽ മോഷണങ്ങൾ നടന്നിട്ടുണ്ടാകാമെന്ന സംശയത്തിലായി അന്വേഷണസംഘം. സി.സി.ടി.വി. ദൃശ്യങ്ങളും ഈ വഴികളിലൂടെ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി. 

പ്രതിയെയും പെൺസുഹൃത്തിനെയും അന്വേഷണസംഘം തന്ത്രപരമായി നിരീക്ഷിച്ചശേഷമായിരുന്നു പിടികൂടിയത്. വിനോദ് പിടിയിലായതോടെ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നും ഇരിങ്ങാലക്കുട നാലും കൊടുങ്ങല്ലൂർ രണ്ടും മതിലകം, പറവൂർ, ചേർപ്പ് ഭാഗങ്ങളിൽ ഓരോ കേസുമാണ് കേസുമാണ് തെളിഞ്ഞത്.

Leave A Comment