ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഫോറന്‍സിക് പരിശോധനാഫലം നിർണായകം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ (വിക്രം സാരാഭായി സ്പേസ് സെന്ററിൽ) വിഎസ്എസ് സി യില്‍ നടത്തിയ ഫോറന്‍സിക് പരിശോധന ഫലം കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവാകും. ഫോറന്‍സിക് പരിശോധന ഫലം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ മുദ്ര വച്ച കവറില്‍ എഫ്എസ്എല് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ജഡ്ജി പരിശോധിച്ച ശേഷം ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്ഐടി യും ഈ റിപ്പോര്‍ട്ടിലെ ഉള്ളടക്കം വിലയിരുത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ പാളി എന്നിവ മാറ്റിയിട്ടുണ്ടോ ഒറിജിനലാണോ എത്ര അളവില്‍ സ്വര്‍ണം അതില്‍ നിന്നും മാറ്റിയെന്നതുള്‍പ്പെടെയുള്ള സംശയങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ സ്ഥിരീകരണമാകും. പതിനഞ്ച് സാംപിളുകളാണ് കട്ടിളപ്പാളിയില്‍ നിന്നും ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ചത്.
കുടുതല്‍ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും അറസ്റ്റിന്റെ കാര്യത്തിലും എഫ്എസ്എല് റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാകും. പാളികള്‍ മാറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അന്വേഷണം കുടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടി വരും. പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സിബിഐ അന്വേഷണത്തിന് വഴിതുറക്കാനുള്ള സാധ്യത വളരെ കുടുതലാണ്.
സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ സിബിഐ അന്വേഷണത്തെ എസ്ഐടിയും സംസ്ഥാന സര്‍ക്കാരും നേരത്തെ എതിര്‍ത്തിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കുറ്റപത്രം അന്വേഷണ സംഘം ഇതുവരെക്കും തയാറാക്കിയിട്ടില്ല.
എഫ്എസ് എല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടേ കുറ്റപത്രം തയാറാക്കാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു എസ്ഐടിയുടെ നിലപാട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് നിയമാനുസൃതം ജാമ്യം കിട്ടാനുള്ള അവസരവും ഉണ്ട്.
Leave A Comment