വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന; സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് പിടിയിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്.
ജൂൺ 5-ന് കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതി വലയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് (DANSAF) സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി കഞ്ചാവ് സൂക്ഷിച്ചിരുന്നതായി പോലീസ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്കൂൾ വാഹന ജീവനക്കാരൻ തന്നെ ലഹരി കേസിൽ അറസ്റ്റിലായ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള വകുപ്പുകൾക്കു പുറമെ ബാലനീതി നിയമത്തിലെ (Juvenile Justice Act) ജാമ്യമില്ലാ വകുപ്പായ സെക്ഷൻ 77 കൂടി ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്-ന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി., സബ് ഇൻസ്പെക്ടർമാരായ ശ്രീലാൽ, അഭിലാഷ്, ജി.എസ്.ഐ ഷാബു, എസ്.സി.പി.ഒമാരായ അർജുൻ, സിജു, ഡാൻസാഫ് അംഗങ്ങളായ ജി.എസ്.ഐ ജയകൃഷ്ണൻ, ജീവൻ ഇ.എസ്., എസ്.സി.പി.ഒ ഷിന്റോ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Leave A Comment