ക്രൈം

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂരിൽ പ്രവേശിച്ചു; കാപ്പ കേസ് പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കാപ്പ നിയമപ്രകാരമുള്ള സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ച യുവാവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എറിയാട് ചന്ത സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്.


തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സഞ്ചാര നിയന്ത്രണ ഉത്തരവ് നിലവിലിരിക്കെ ജൂൺ 25-ന് രാത്രി 8.15ഓടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഴിക്കോട് ജെട്ടി ഭാഗത്ത് പ്രവേശിച്ചതിനാണ് നടപടി.


വധശ്രമം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങി പത്ത് ക്രിമിനൽ കേസുകളിൽ മുഹമ്മദ് ഷാഫി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബിജോയ് പി.ടി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment