ക്രൈം

കള്ള് ഷാപ്പിലെ തർക്കം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൈപ്പമംഗലം: കള്ള് ഷാപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും സ്കൂട്ടർ തകർക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.

കൈപ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ വീട്ടിൽ അജ്മൽ (22) ആണ് പോലീസ് പിടിയിലായത്. വലപ്പാട് സ്റ്റേഷൻ റൗഡിയായ അരയംപറമ്പിൽ വീട്ടിൽ ദേവപ്രയാഗ് (19) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.

2026 ജൂലൈ 3-ന് വൈകീട്ട് 6.30ഓടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും അജ്മലും കയ്പമംഗലം സ്റ്റേഷൻ റൗഡിയായ രോഹനും ഒരുമിച്ച് കള്ള് ഷാപ്പിലെത്തിയിരുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു.

ഇതോടെ ഉണ്ടായ വൈരാഗ്യത്തെ തുടർന്ന് അജ്മൽ വാളെടുത്ത് ദേവപ്രയാഗിന്റെ കൈക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് സംഘം എത്തിയ സ്കൂട്ടറും വാളുകൊണ്ട് നശിപ്പിച്ചതായി പോലീസ് അറിയിച്ചു.

അജ്മലിനെതിരെ വധശ്രമം, മോഷണം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ ദേവപ്രയാഗും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

കൈപ്പമംഗലം എസ്.എച്ച്.ഒ ബിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജ്വോഷർ, എ.എസ്.ഐ രാജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave A Comment